വീട്ടുജോലി കഴിഞ്ഞ് മരണത്തിലേക്ക്...
text_fieldsമരിച്ച കൗസല്യയുടെ ചെറുമകൻ അജയൻ
ചാത്തന്നൂർ: ''അമ്മാമ്മ അവിടെ വീട്ടുജോലിക്ക് പോയതായിരുന്നു.'' കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിലെ ആദ്യ ഇരയായി ജീവൻ നഷ്ടപ്പെട്ട കൗസല്യയെക്കുറിച്ചുള്ള ഓർമകൾ ചെറുമകൻ അജയന്‍റെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ഖൈർതാത്ത എന്നറിയപ്പെട്ടിരുന്ന ഖൈറുന്നിസയുടെ വീട്ടിലെ മദ്യത്തിന്‍റെ ടെസ്റ്റർ ആയിരുന്നോ അവർ എന്ന ചോദ്യത്തിനെ ശക്തമായി അജയൻ എതിർത്തതും കുടുംബത്തിനായി ഏറെ കഷ്ടപ്പെട്ട അമ്മാമ്മയെക്കുറിച്ചുള്ള ഓർമകളുടെ ബലത്തിലാണ്. ഖൈറുന്നിസയുടെ വീട്ടിലെ ജോലി കഴിഞ്ഞ് 'തലകറങ്ങുന്നു' എന്ന് പറഞ്ഞ് വീട്ടിലേക്കുവന്നുകയറിയ അമ്മാമ്മയാണ് മനസ്സിലെ അവസാന ചിത്രം. അന്ന് 20കാരനായിരുന്നു അജയൻ. ക്രിക്കറ്റ് കളിക്കുന്നതിന് പുറത്തേക്ക് പോകാൻ നിൽക്കുമ്പോഴാണ് കൗസല്യ വീട്ടിലെത്തിയത്. 'തിണ്ണയിലോട്ട് കിടക്ക് അമ്മാമ്മേ..' എന്ന് പറഞ്ഞ് അമ്മാമ്മ കിടക്കുന്നതുകണ്ട് പോയ ആ ചെറുപ്പക്കാരന് പിന്നീട് അവരെ ജീവനോടെ കാണാനായില്ല.
''മൈതാനത്ത് നിൽക്കുമ്പോൾ ആളുകൾ ഓടിവന്നു പറഞ്ഞു, ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് '. പെട്ടെന്നായിരുന്നു മരണം. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. അപ്പോഴാണ് അടുത്ത മരണവാർത്തയെത്തിയത്. അതോടെ, കൗസല്യയുടെ മക്കൾ ഉറപ്പിച്ചു, അമ്മയും വിഷമദ്യം കഴിച്ചിരിക്കാം. അമ്മയെ നഷ്ടപ്പെട്ട വേദനക്കൊപ്പം സമൂഹത്തിനുമുന്നിൽ തലകുനിച്ചുനിൽക്കേണ്ടിവന്ന ആറു മക്കളടങ്ങിയ ആ കുടുംബം പിന്നെ പലവഴിക്ക് പിരിഞ്ഞു. അജയന്‍റെ അമ്മ പിന്നീട് മരിച്ചു.
കടബാധ്യതകൾ കാരണം ഏറെ കഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരമായി 30,000 രൂപയോളമാണ് കിട്ടിയത്. 'നമ്മുടെ ഓഫിസുകളല്ലേ. ചെല്ലുമ്പോഴെല്ലാം സമയമായില്ല എന്ന് പറഞ്ഞ് മടക്കും. ഞങ്ങൾക്ക് ഇതേപ്പറ്റി ധാരണയൊന്നുമില്ലായിരുന്നു. പിന്നെ നഷ്ടപരിഹാരം ചോദിച്ചുപോകുന്നതുതന്നെ മടുത്തു'- അജയൻ പറയുന്നു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം പാറയിൽ ജങ്ഷനിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പമാണ് താമസം.
ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ട്
ചാത്തന്നൂർ: 'അപ്പൻ പെയിന്റിങ് പണിക്ക് പോകുമായിരുന്നു. ജോലി കഴിഞ്ഞ് മദ്യപിച്ച് രാത്രി പത്തോടെ വീട്ടിലെത്തി. പിറ്റേന്ന് ഒമ്പതായിട്ടും ഉണർന്നില്ല. പള്ളിയിലെ അച്ചനാണ് എന്നോട് പറഞ്ഞത് വേഗം പോയി അപ്പനെ നോക്കാൻ. അപ്പോഴേക്കും വിഷമദ്യത്തിന്റെ വാർത്ത നാടെങ്ങും പരന്നിരുന്നു. ഓടിച്ചെന്നപ്പോഴാണ് കുടിച്ചതിന്റെ ക്ഷീണത്തിലല്ല, വിഷത്തിന്റെ വീര്യത്തിലാണ് അപ്പൻ മയങ്ങിക്കിടക്കുന്നതെന്നറിഞ്ഞത്.' കല്ലുവാതുക്കലിൽ പ്ലാവറകുന്നിൽ വിഷമദ്യദുരന്തത്തിൽ കാഴ്ചനഷ്ടമായ ജോയിയുടെ മകൻ സജിന് ആ ദിനം ഇന്നലത്തെ പോലെ മനസ്സിലുണ്ട്. മദ്യദുരന്തത്തിൽ കാഴ്ച നഷ്ടപ്പെട്ട ജോയിയുടെയും കുടംബത്തിന്റെയും ജീവിതത്തിലെ വെളിച്ചംതന്നെ കെട്ടുപോയി. ദുരന്തംകഴിഞ്ഞ് ആറുവർഷത്തിനുശേഷം ജോയി ജീവനൊടുക്കി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രണ്ടാഴ്ച ചികിത്സ തേടിയ ജോയിയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമായിരുന്നു. പിന്നീട്, ആറേഴു മാസം കഴിഞ്ഞ് ഒരു കണ്ണിന് കാഴ്ച തിരികെ കിട്ടി. പ്രഖ്യാപിച്ച നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. ജോയിയുടെ തുടർചികിത്സ പോലും നടത്താനാകാതെ കുടുംബം ബുദ്ധിമുട്ടി. സജിന്റെ പഠനം പത്താം ക്ലാസിൽ നിലച്ചു. സഹോദരിയുടെ വിവാഹം നടത്താൻ 20 സെന്റ് വസ്തുവും വീടും വിറ്റു. മറ്റൊരു വഴിയുമില്ലാതെ ആ കൗമാരക്കാരൻ ജോലിക്കിറങ്ങിയാണ് കുടുംബം പോറ്റിയത്. 'ദുരന്തം കഴിഞ്ഞ് രണ്ടുകൊല്ലത്തിനുശേഷം അപ്പൻ വീണ്ടും കുടിച്ചുതുടങ്ങി. പഴയപോലെയല്ല, വല്ലാതെ വഴക്കിടുമായിരുന്നു. അങ്ങനെയൊരു വഴക്കിനുശേഷം വീട്ടിൽനിന്ന് എല്ലാവരെയും ഇറക്കിവിട്ടു. പിന്നാലെ, ജീവനൊടുക്കി. അമ്മയും പിന്നീട് മരിച്ചു.' തകർന്നുപോയ കുടുംബത്തിന്റെ ഓർമകൾ പങ്കുവെച്ച് സജിൻ പറഞ്ഞു.