‘നിനക്കുവേണ്ടി ഞാൻ ഭാര്യയെ കൊന്നു,’ കൊലപാതകത്തിന് പിന്നാലെ സർജൻ കാമുകിക്ക് അയച്ച സന്ദേശം കണ്ടെത്തി പൊലീസ്
text_fieldsഡോ.കൃതിക റെഡ്ഡിയും ജി.എസ്. മഹേന്ദ്ര റെഡ്ഡിയും വിവാഹവേളയിൽ
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ബംഗളൂരുവിലെ സർജൻ കൃത്യത്തിന് പിന്നാലെ കാമുകിക്ക് ‘നിനക്കുവേണ്ടി ഞാൻ ഭാര്യയെ കൊന്നു’ എന്ന് സന്ദേശമയച്ചിരുന്നതായി പൊലീസ്. ബംഗളുരു വിക്ടോറിയ ആശുപത്രിയിലെ ജനറൽ സർജനായ ഡോ. മഹേന്ദ്ര റെഡ്ഡി, ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെയാണ് കാമുകിക്ക് സന്ദേശമയച്ചത്. ഇയാളുടെ ഫോണിന്റെ ഫൊറൻസിക് വിശകലനത്തിനിടെയാണ് സന്ദേശം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
കാമുകിയായ യുവതിയെ ചോദ്യം ചെയ്തതായും മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. എന്നാൽ ഇവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. ത്വക്ക് രോഗ വിദഗ്ധയുടെ ദുരൂഹ മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഒക്ടോബറിലാണ് ഡോ. മഹേന്ദ്ര റെഡ്ഡി (31) അറസ്റ്റിലാവുന്നത്.
ത്വക്ക് രോഗ വിദഗ്ധയായ ഭാര്യ ഡോ.കൃതിക റെഡ്ഡിയെ (28) ചികിത്സയുടെ മറവിൽ അനസ്തേഷ്യ മരുന്ന് നൽകിയാണ് മഹേന്ദ്ര കൊലപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും കൃതികയുടെ സഹോദരിയും ഡോക്ടറുമായ നിഖിത എം. റെഡ്ഡി മരണകാരണം ആരാഞ്ഞതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
നിഖിതയുടെ ആവശ്യപ്രകാരം അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ, കൃതികയുടെ ശരീരം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുകയും ചെയ്തു. ഓപറേഷൻ തിയറ്ററുകളിൽ ഉപയോഗിക്കുന്ന അനസ്തേഷ്യ മരുന്ന് അമിത അളവിൽ ഉപയോഗിച്ചതാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആറുമാസത്തിന് ശേഷം പുറത്തുവന്ന ഫോറൻസിക് പരിശോധന ഫലം. ഇതിന് പിന്നാലെയാണ് മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പഠനകാലത്ത് മുംബൈ സ്വദേശിനിയായ യുവതിയുമായി മഹേന്ദ്രക്ക് ബന്ധമുണ്ടായിരുന്നുവെന്നും കൃതികയെ വിവാഹം ചെയ്യുന്ന സമയത്ത് ശല്യപ്പെടുത്താതിരിക്കാൻ ഇവർക്ക് വൻതുക വാഗ്ദാനം ചെയ്തിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.


