Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുഞ്ഞാമിന വധം;...

കുഞ്ഞാമിന വധം; കൊടുംക്രിമിനൽ വീണു, ക്രൈം ബ്രാഞ്ച് വലയിൽ

text_fields
bookmark_border
കുഞ്ഞാമിന വധം; കൊടുംക്രിമിനൽ വീണു, ക്രൈം ബ്രാഞ്ച് വലയിൽ
cancel
camera_alt

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം:കെ.വി.വേണുഗോപാൽ, പി. നാരായണൻ, ശ്രീജിത്ത് കൊടേരി, അബ്ദുൾ റൗഫ്, മനേഷ്, ഷംസാദ്

കണ്ണൂര്‍: കുഞ്ഞാമിന വധക്കേസില്‍ മുഖ്യപ്രതി പിടിയിലായത് ക്രൈംബ്രാഞ്ചിന്റെ അതിസമർത്ഥമായ അന്വേഷണമികവിലൂടെ. ക്രൈംബ്രാഞ്ച് കണ്ണൂർ, കാസർകോട് റേഞ്ച് എസ്.പി കെ.വി.വേണുഗോപാലിന്‍റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രിമിനലിനെ കുടുക്കാനായത്. കൊല നടത്തി പത്ത് വർഷം പിന്നിടുമ്പോഴാണ് മുഖ്യ സൂത്രധാരനായ അബ്ബാസ് അലി പിടിയിലായത്. വയോധികയെ അതിക്രൂരമായി കൊല ചെയ്ത് കവർച്ച നടത്തിയ പ്രതി ഒടുവിൽ പിടിയിലായതിന്‍റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

സ്ഥിരമായി ഒരു മൊബൈല്‍ ഫോണ്‍ പ്രതി ഉപയോഗിക്കാറുണ്ടായിരുന്നില്ല. ഒരേ സ്ഥലത്ത് താമസിക്കാറുമില്ല. ഓരോ സ്ഥലത്തും താമസിക്കുമ്പോള്‍ ഓരോ സിമ്മുകളാണ് ഉപയോഗിക്കുക. ഡല്‍ഹിയില്‍ താമസിക്കുമ്പോള്‍ വാടക മുറിയില്‍ ഒരു ഫോണ്‍ ഉപയോഗിക്കും. സുഹൃത്തുക്കളുടെ കൂടെ താമസിക്കുമ്പോള്‍ മറ്റൊരു ഫോണ്‍ ഉപയോഗിക്കും. പൊലീസ് പിടിക്കാതിരിക്കാന്‍ നമ്പര്‍ പിന്തുടരാന്‍ കഴിയാത്ത ഡിവൈസും ഉപയോഗിക്കാറുണ്ട്. നേരത്തെ പിടിയിലായ ഇയാളുടെ സഹോദരിയുടെ ഫോണിലേക്ക് ഭാര്യയുടെ നമ്പറില്‍ നിന്നാണ് വിളിച്ചുകൊണ്ടിരുന്നത്. സഹോദരിയുടെ ഫോണില്‍ നിന്ന് ഇക്കാര്യം കണ്ടെത്തിയ അന്വേഷണസംഘം അബ്ബാസ് അലി ഡല്‍ഹിയിലുണ്ടെന്ന നിഗമനത്തിലെത്തി. തുടര്‍ന്ന് പത്ത് ദിവസം മുമ്പാണ് അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തിയത്. അബ്ബാസ് അലി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കരുതിയ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ഇയാള്‍ വന്നുപോകാറുണ്ടെന്ന് കരുതുന്ന എ.ടി.എം കൗണ്ടറുകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. അങ്ങനെയാണ് മൂന്ന് ദിവസം മുമ്പ് അബ്ബാസ് അലി ഒരു ബാങ്കില്‍ വന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്. അതോടെ അബ്ബാസ് അലി സമീപത പ്രദേശത്ത് തന്നെയുണ്ടെന്ന് ഉറപ്പാക്കിയ അന്വേഷണസംഘം നിരീക്ഷണം ശക്തമാക്കി. തിങ്കളാഴ്ച്ച വൈകീട്ട് ഇയാള്‍ സ്‌കൂട്ടറില്‍ പോകുന്നുവെന്ന സൂചന ലഭിച്ചു. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അബ്ബാസ് അലി താമസിക്കുന്ന വീട് കണ്ടെത്തി. തുടര്‍ന്ന് രാത്രിയോടെ പ്രേംനഗര്‍ പൊലീസിന്റെ സഹായത്തോടെ അബ്ബാസ് അലിയെ പിടികൂടുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ അബ്ബാസ് അലിക്കും മാതാവിനും സഹോദരിക്കുമെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

വസ്ത്ര വ്യാപാരം,കൊലപാതകം, കവർച്ച

ഇരിക്കൂറിലെ കുഞ്ഞാമിന വധക്കേസിലെ പ്രതികള്‍ കൊടും ക്രൂരന്‍മാരായ കുറ്റവാളികള്‍. വസ്ത്രവ്യാപാരികള്‍ എന്ന വ്യാജേനയാണ് ഇവര്‍ പലസ്ഥലത്ത് മുറിയെടുക്കുക. അധികം ആള്‍ത്താമസമില്ലാത്ത സ്ഥലത്താണ് വാടക മുറി തരപ്പെടുത്തുക. കവർച്ച ലക്ഷ്യമിട്ടാൽ അക്രമം. നടന്നില്ലെങ്കിൽ കൊലപാതകം. സ്വർണ്ണവും പണവും കവർന്ന് വേഷം മാറി നാടു കടക്കും. അതാണ് രീതി. പര്‍വീണ്‍ ഭാനുവിന്റെ ഭര്‍ത്താവ് വിദേശത്താണെന്നും അവിടെ നിന്ന് ചുരുങ്ങിയ വിലക്ക് ലഭിക്കുന്ന വസ്ത്രം വില്‍പ്പനക്കാണ് തങ്ങള്‍ എത്തിയതെന്നുമാണ് ഇവര്‍ വിശ്വസിപ്പിക്കുക. പിന്നീട് കവര്‍ച്ച നടത്തി അവിടെ നിന്ന് രക്ഷപ്പെടുകയാണ് പതിവ്. 2016 ജനുവരി മാസം കേരളത്തിലെത്തിയ ഇവര്‍ ഷൊര്‍ണ്ണൂര്‍, മാനന്തവാടി, ചാലക്കുടി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സമാനരീതിയില്‍ കവര്‍ച്ച നടത്തുകയുണ്ടായി. ഷൊര്‍ണ്ണൂര്‍ സ്വദേശിയില്‍ നിന്ന് രണ്ട് ലക്ഷവും മറ്റൊരാളില്‍ നിന്ന് 45 ലക്ഷവും തിരുവനന്തപുരം സ്വദേശിയുടെ 65,000രൂപയും മാനന്തവാടിയിലെ അഷ്‌റഫിന്റെ 2.25 ലക്ഷവും ചാവക്കാട് ഇല്ല്യാസിന്റെ 55,000രൂപയും ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പിനുശേഷം കോയമ്പത്തൂരില്‍ എത്തി അവിടെ നിന്ന് മൈസൂരുവിൽ ചെന്നാണ് ഇരിക്കൂറില്‍ വന്നത്. ഇരിക്കൂറില്‍ എത്തിയതോടെയാണ് ഇവര്‍ മുസ്ലിം വേഷം ധരിക്കാന്‍ തുടങ്ങിയത്. മറ്റു പല സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളാണെന്നമട്ടിലാണ് ഇവര്‍ കഴിഞ്ഞുകൂടിയിരുന്നത്.പിടിയിലായാല്‍ വാടക ജാമ്യക്കാരെ തരപ്പെടുത്തായാണ് സംഘം പുറത്തിറങ്ങാറുള്ളത്. പിന്നീട് വീണ്ടും മുങ്ങും. നിശ്ചിത തുക ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ നല്‍കിയാണ് ആളുകളെക്കൊണ്ട് ജാമ്യത്തിലെടുപ്പിക്കുക. ആന്ധ്രാപ്രദേശിലെ ഓംങ്കോളില്‍ വയോധികയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഇവരെ ജാമ്യത്തിലെടുത്തത് ശ്രീലക്ഷ്മി, നളിനി എന്നീ രണ്ട് സ്ത്രീകളാണ്.

4000രൂപ വീതം കൈപ്പറ്റിയാണ് ജാമ്യം നിന്നതെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഇരിക്കൂറിലെ കേസില്‍ പര്‍വീണ്‍ ഭാനുവിനെയും മകളെയും ജാമ്യത്തിലെടുത്തത് കാസർക്കോട് പള്ളിക്കരയിലെ മല്‍സ്യത്തൊഴിലാളികളായ രാജേന്ദ്രനും ജലീലുമാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നുണ്ട്. പര്‍വീണ്‍ ഭാനുവിന്റെയും മകളുടെയും ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം കോടതിക്ക് റിപ്പോര്‍ട്ടും നല്‍കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kunjamina murder crime branch kannur 
News Summary - Kunjamina Murder Case Accused
Next Story