Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരാത്രി കൊലപ്പെടുത്തി...

രാത്രി കൊലപ്പെടുത്തി ഒപ്പം കിടന്നു, രാവിലെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; ചൊവ്വന്നൂരിൽ നടന്നത് ക്രൂരകൊലപാതകം

text_fields
bookmark_border
രാത്രി കൊലപ്പെടുത്തി ഒപ്പം കിടന്നു, രാവിലെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; ചൊവ്വന്നൂരിൽ നടന്നത് ക്രൂരകൊലപാതകം
cancel

കുന്നംകുളം: ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ ​കൊലപ്പെടുത്തിയതിന്റെ ചുരുളഴിച്ച് പൊലീസ്. പെരുമ്പിലാവ് ആൽത്തറയിൽ ദീർഘകാലമായി താമസിക്കുന്ന തമിഴ് യുവാവ് ശിവ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണിയെ (62) കുന്നകുളം കോടതി റിമാൻഡ് ചെയ്തു.

തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശിവയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഇയാളുടെ ശരീരത്തിൽ ഒരു സ്ത്രീയുടെ പേര് പച്ച കുത്തിയിരുന്നതാണ് മനസ്സിലാക്കാൻ കാരണമായത്. എന്നാൽ, ബന്ധുക്കൾ എത്താത്തതിനാൽ മൃതദേഹം വിട്ടുകൊടുക്കാനായിട്ടില്ല. മരിച്ച ശിവയുടെ ഭാര്യ മറ്റൊരാളുടെ കൂടെ വർഷങ്ങൾക്കുമുമ്പ് പോയതോടെ കുട്ടികളെ ഓർഫനേജിൽ ആക്കിയിരുന്നു. പിന്നീട് രണ്ടു വർഷം മുമ്പ് വീട്ടുകാരുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ ശിവ കടത്തിണ്ണകളിലാണ് രാത്രി കഴിഞ്ഞിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

പരിചയപ്പെട്ടത് ബാറിൽവെച്ച്; പ്രകൃതിവിരുദ്ധ ബന്ധം വിസമ്മതിച്ചതോടെ കൊലപ്പെടുത്തി

ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെന്റ് മേരീസ് ക്വാർട്ടേഴ്സിലെ അടച്ചിട്ട മുറിയിലാണ് ഞായറാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയത്. പാചകത്തിന് ഉപയോഗിക്കുന്ന ഫ്രൈ പാൻ ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വന്നൂർ മുരിങ്ങത്തേരി രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാർട്ടേഴ്സ്.

ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് ശിവയെ കൂട്ടി സണ്ണി മുറിയിൽ എത്തിയത്. കുന്നംകുളം ടൗൺ ഹാളിന് സമീപത്തെ ബാറിൽവെച്ചാണ് ശിവയെ പരിചയപ്പെട്ടതെന്നും പിന്നീട് മുറിയിലേക്ക് മദ്യം തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു വരുകയായിരുന്നുവെന്നും സണ്ണി വ്യക്തമാക്കി. മദ്യലഹരിയിൽ വന്ന ഇരുവരും വീണ്ടും മുറിയിലെത്തി മദ്യപിച്ചു. പിന്നീട് പ്രകൃതിവിരുദ്ധ ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് പറയുന്നു. കടയിൽനിന്ന് കൊണ്ടുവന്ന സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണം ഒരുക്കുന്നതിനിടെ വീണ്ടും പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് സണ്ണി ശ്രമിച്ചതോടെ ശിവ എതിർത്തു. ഇതോടെ തർക്കമായി.

ഇതിനിടയിൽ ഉള്ളി അരിഞ്ഞിരുന്ന ശിവയുടെ കൈയിലുണ്ടായിരുന്ന കത്തി വാങ്ങി ഇയാളുടെ കഴുത്തിൽ സണ്ണി കുത്തുകയായിരുന്നു. പിടിവലിയിൽ കത്തിയുടെ പിടി പൊട്ടി. പിന്നീട് ഫ്രൈപാൻ ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി. ഇയാളുടെ വസ്ത്രം അഴിച്ചുമാറ്റി. മരിച്ചെന്ന് ഉറപ്പാക്കുംവരെ ഇടക്കിടെ തലക്കടിച്ചിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മരിച്ചയാളുടെ തലയുടെ ഇടതുവശത്തും പരിക്കുണ്ട്.

രാത്രി പതിനൊന്നോടെയാണ് ശിവ മരിച്ചതെന്ന് കരുതുന്നു. സണ്ണി രാത്രി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് യുവാവിന്റെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ശിവയുടെ കൈവശമുണ്ടായിരുന്ന മറ്റു സാധനങ്ങൾ സണ്ണി ഉപേക്ഷിച്ചിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാനായിരുന്നുവെന്ന് കരുതുന്നു. ഇത് കണ്ടെത്താനായിട്ടില്ല. പിന്നീട് തൃശൂരിലേക്ക് സുഹൃത്തിനെ കാണാൻ പോയി.

ഞായറാഴ്ച വൈകീട്ട് മുറിയിൽനിന്ന് പുക വരുന്നത് കണ്ട സമീപത്തുള്ളവർ സണ്ണിയെ ഫോൺ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ട മുറി പൂട്ട് തകർത്ത് നോക്കിയപ്പോഴാണ് കമിഴ്ന്നുകിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് സാധനങ്ങൾ കത്തിയതാണ് പുക പുറത്തുവരാൻ കാരണമായത്. തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽനിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുറിയിലേക്ക് ശനിയാഴ്ച വൈകീട്ട് സണ്ണിയോടൊപ്പം യുവാവ് വരുന്ന ദൃശ്യങ്ങളും ഞായറാഴ്ച രാവിലെ ഏഴോടെ വീട് പൂട്ടി പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യ ബാറിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിലും ഇരുവരെയും കണ്ടെത്തിയിരുന്നു.

സണ്ണി രണ്ടു കൊലക്കേസുകളിലെ പ്രതി

അറസ്റ്റിലായ സണ്ണി നേരത്തേ രണ്ടു കൊലപാതകക്കേസുകളിലെ പ്രതിയാണ്. 1992ൽ ചൊവ്വന്നൂരിലെ വീട്ടിൽ അമ്മയുടെ അമ്മ മാത്തിരിയെ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ആ കേസിൽ പ്രതിയെ മാനസിക രോഗിയാണെന്ന് പറഞ്ഞ് കുറ്റമുക്തനാക്കിയിരുന്നു.

2005 മാർച്ച് 19ന് ചൊവ്വന്നൂരിൽ ഇയാൾ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ കേസിൽ പ്രതിയായ സണ്ണിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ശിക്ഷ കഴിഞ്ഞ് 2019ൽ പുറത്തിറങ്ങി.

കൊലപാതകക്കേസുകളിൽ പ്രതിയായ സണ്ണി തൃശൂരിലെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനത്തിൽ എങ്ങനെ സെക്യൂരിറ്റി തൊഴിലാളിയായെന്നും പൊലീസ് അന്വേഷിച്ചുവരുന്നു.

സണ്ണിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ്, കുന്നംകുളം അസി. പൊലീസ് കമീഷണർ സി.ആർ. സന്തോഷ്, സി.ഐ ജയ പ്രദീപ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിരുന്നു.

Show Full Article
TAGS:kunnamkulam news Murder Case sexual attack Kerala News 
News Summary - kunnamkulam chovvannur murder case
Next Story