പുകയില ഉൽപന്നങ്ങളുടെ വൻശേഖരം പിടികൂടി
text_fieldsകോട്ടയം: വിൽപനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരം പൊലീസ് പിടികൂടി. കുമരകം, ഇല്ലിക്കൽ പരുത്തിയകം ഭാഗത്ത് നിയാസ് എന്നയാളുടെ കെട്ടിടത്തിൽനിന്നുമാണ് 19,374 ഹാൻസ് പാക്കറ്റുകളും 2816 എണ്ണം നിരോധിത പുകയില ഉല്പന്നമായ കൂൾ ലിപ്പുകളും പിടിച്ചെടുത്തത്. 7,93,277 രൂപയും പരിശോധനക്കിടയിൽ പിടിച്ചെടുത്തു.
കോട്ടയം വിദ്യാർഥി മിത്രത്തിനു സമീപം തട്ടുകട നടത്തുന്ന തിരുവാർപ്പ്, ആമ്പക്കുഴി ചേരിക്കൽ നിയാസിന്റെ വീട്ടിലും വാടക ഗോഡൗണിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. നിയാസ് ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അഞ്ചും പാമ്പാടി പൊലീസ് സ്റ്റേഷനിൽ ഒന്നും കേസുകൾ നിലവിലുണ്ട്. കുമരകം എസ്.എച്ച്.ഒ കെ. ഷിജിയുടെ നിർദേശപ്രകാരം എസ്.ഐ ബസന്തിന്‍റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് കുമാർ, ജാക്സൺ, അഭിലാഷ്, പ്രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
മണ്ഡലകാലവും തെരഞ്ഞെടുപ്പ് സമയവും മുന്നിൽക്കണ്ട് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലൊട്ടാകെ ലഹരിക്കെതിരെ കർശനമായ പരിശോധന നടന്നുവരികയാണ്


