യുവാവിനെ ആക്രമിച്ചു പരിക്കേൽപിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsവിഷ്ണു
കൊല്ലം: വാക്കുതർക്കത്തെ തുടർന്ന് യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസിലെ മുഖ്യപ്രതി കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായി. ആശ്രാമം ലക്ഷ്മണ നഗർ 31, ശോഭാമന്ദിരത്തിൽ മൊട്ട വിഷ്ണു എന്ന വിഷ്ണു (32) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതിയായ പട്ടര് വിഷ്ണുവിനെ നേരത്തേ പൊലീസ് സംഘം പിടികൂടിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 28നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം ആശ്രമം സ്വദേശിയായ യുവാവിനേയും സുഹൃത്തിനേയുമാണ് ഇവർ ആക്രമിച്ച് പരിക്കേൽപിച്ചത്. വിഷ്ണുവിന് ഓടിക്കാൻ കൊടുത്ത മോട്ടോർബൈക്ക് യുവാവ് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ആക്രമണത്തിൽ യുവാവിന്‍റെ മൂക്കിന് പൊട്ടൽ സംഭവിക്കുകയും പല്ല് ഒടിഞ്ഞുപോകുന്നതിന് ഇടയാവുകയും ചെയ്തു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
2010 മുതൽ ഇതുവരെ ഇരുപതോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. കാപ്പ നിയമപ്രകാരവും ഇയാൾക്കെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നിയാസ്, ഷൈജു, സി.പി.ഒമാരായ അജയകുമാർ, ഷൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


