ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsഷിനോയ്
കുഴൽമന്ദം: മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുകയും ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ തേങ്കുറിശി കുന്നരശം കാട് ഷിനോയിയെ (30) കുഴൽമന്ദം ഇൻസ്പെക്ടർ ആർ. രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിൽ വന്ന ഷിനോയ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഭാര്യ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ഇയാളെ സ്റ്റേഷനിൽ വിളിച്ച് താക്കിത് ചെയ്തിരുന്നു. വൈകീട്ട് വീണ്ടും മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന 88 വയസ്സുള്ള മുത്തശ്ശിയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ പരിക്കേറ്റ മുത്തശ്ശി കുഴൽമന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ സി.കെ. സുരേഷ്, എ.എസ്.ഐ രജിത, സി.പി.ഒ പ്രവീൺ, ബ്ലസൻ, ബവീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.