ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുണ്ടുങ്ങൽ ചെമ്മീൻകുഴിക്കൽ സി.കെ. ഹൗസിൽ സി.കെ. നൗഷാദിനെ (39)യാണ് ചെമ്മങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയിലാണ് നടപടി.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുടെ പിതാവും മാതാവും നൗഷാദിന്റെ വീട്ടിലെത്തിയതിന്റെ വിരോധത്തിൽ അതിക്രമം നടത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്തെന്നാണ് പരാതി. നൗഷാദ് ബലം പ്രയോഗിച്ച് ഭാര്യയെ പിടിച്ചുവെച്ച് മർദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുത്തുമ്പോൾ പിറകോട്ട് മാറിയതിനാൽ നെറ്റിയിലും മൂക്കിനുമാണ് പരിക്കേറ്റത്. തുടർന്ന് വീട്ടിൽ നിന്നിറങ്ങിപ്പോയ നൗഷാദ് തിങ്കളാഴ്ച വീണ്ടും വീട്ടിൽ കയറി പട്ടികകൊണ്ട് ഭാര്യയെ ആക്രമിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ട ഭാര്യാസഹോദരിയുടെ സ്കൂട്ടർ തീകൊളുത്തി കത്തിക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ചെമ്മങ്ങാട് പൊലീസ് നൗഷാദിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. നൗഷാദിൽനിന്ന് ക്രൂരമർദനങ്ങളേൽക്കാറുണ്ടെന്നാണ് ഭാര്യ പറയുന്നത്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ഈ ബന്ധത്തിൽ നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.