വെർച്ച്വൽ അറസ്റ്റിന്റെ പേരിൽ 1.20 കോടി തട്ടിയയാൾ അറസ്റ്റിൽ
text_fieldsസലിം
ആലുവ: വെർച്ച്വൽ അറസ്റ്റിന്റ പേരിൽ വയോധികനിൽനിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിമിനെയാണ് (43) റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ആലുവ സ്വദേശിയായ വയോധികനെ തട്ടിപ്പിനിരയാക്കിയത്. വയോധികന്റെ പേരിൽ മുംബൈയിലെ ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അതിലേക്ക് ഉത്തരേന്ത്യയിലെ മനുഷ്യക്കടത്ത് കേസിലെ പ്രതി 75 ലക്ഷം രൂപ ട്രാൻസ്ഫർ ചെതെന്നും പറഞ്ഞു. ഇതിൽ കേസെടുത്തിട്ടുണ്ടെന്നും കോടതിയുടെ ജാമ്യമില്ല വാറൻഡ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്ത് കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി.
ഈ കേസ് ‘പ്രയോർട്ടി ഇൻവെസ്റ്റിഗേഷൻ’ ആയി പരിഗണിക്കാമെന്നും അക്കൗണ്ടുകളിലെ തുക തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും നിർദേശിച്ചു. ഭയന്ന വയോധികൻ എട്ട് ട്രാൻസാക്ഷനിലൂടെ 1.20 കോടി രൂപ സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു. പിന്നീട് സംഭവം തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
ആലുവ സൈബർ പൊലീസ് സ്റ്റേഷനിലെ ടീം മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്താൽ രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐമാരായ എം. അജേഷ്, ടി.കെ. വർഗീസ്, എ.എസ്.ഐ സലാവുദ്ദീൻ, സീനിയർ സി.പി.ഒ പി.കെ. ദിനേശൻ, സി.പി.ഒ ജെറി കുര്യാക്കോസ് എന്നിവരാണ് ഉണ്ടായിരുന്നത്.


