കാർ തട്ടിക്കൊണ്ടുപോയി ഉടമയെ ആക്രമിച്ച് പണം കവർന്നയാൾ അറസ്റ്റിൽ
text_fieldsഷെജീർ
ചെറുതുരുത്തി: കാർ തട്ടിക്കൊണ്ടുപോയി ഉടമയെ ആക്രമിക്കുകയും 10,000 രൂപ മോഷ്ടിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതുരുത്തി കലാമണ്ഡലത്തിന് പിൻവശത്ത് താമസിക്കുന്ന പാളയം കെട്ടുകാരൻ വീട്ടിൽ ഷെജീർ (42) നെയാണ് മാഹിയിൽനിന്ന് അതിസാഹസികമായി പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ 50 ഓളം കേസുകളിലെ പ്രതിയായ ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയതാണ്.
ഈ കേസിലെ മറ്റ് മൂന്നു പ്രതികളായ ഷാഫിൽ എന്ന പാപ്പി, വിഷ്‌ണു രാജ്, കുട്ടൻ എന്ന ഗോകുൽ ദാസ് എന്നിവരെ പൊലീസ് നേരത്തെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. കിള്ളിമംഗലം മണലാടി സ്വദേശി അബ്ദുൽ ഷംസാദ് കാർ വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്നറിഞ്ഞതിനെ തുടർന്ന് നവംബർ 15ന് രാത്രി എട്ടോടെ ഇദ്ദേഹത്തോട് വെട്ടിക്കാട്ടിരി ഉള്ള പെട്രോൾപമ്പിന് സമീപം എത്താൻ പറയുകയായിരുന്നു.
ഇവിടെ നിന്ന് മൂന്നു പ്രതികൾ കാറിൽ കയറുകയും തുടർന്ന് കലാമണ്ഡലത്തിന് പിൻവശത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ഒന്നാം പ്രതി ഷെജീർ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അബ്ദുൽ ഷംസാദിന്റെ പോക്കറ്റിലുണ്ടായിരുന്ന 10,000 രൂപ കവർന്നെടുക്കുകയും ചെയ്തു.
കവർച്ചക്ക് ശേഷം ഷംസാദിനെ മാരകമായി മർദിച്ചു. തുടർന്ന് പ്രതികൾ അബ്ദുൽ ഷംസാദിനെ വഴിയിൽ ഉപേക്ഷിച്ച് കാറുമായി പോവുകയായിരുന്നു. കാർ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ചെറുതുരുത്തി സി.ഐ വി. വിനുവിന്റെ നേതൃത്വത്തിലുള്ള സിവിൽ പൊലീസ് ഓഫിസർമാരായ വിനീത് മോൻ, ഗിരീഷ്, ജയകൃഷ്ണൻ ഡ്രൈവർ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


