പൊലീസിനെ കണ്ട് അടുപ്പിലിട്ട കഞ്ചാവ് പുകഞ്ഞു; യുവാവ് പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: അന്തരീക്ഷത്തിൽ വ്യാപിച്ച കഞ്ചാവ് മണത്തിന്റെ ഉറവിടം തേടിയ പൊലീസ് യുവാവിനെ കൈയോടെ പിടികൂടി. വിവിധ കേസുകളിൽ പ്രതിയായ അഫ്സൽ പെപ്പ എന്ന കുറ്റിക്കാട്ടിൽ അഫ്സൽ (27) ആണ് പിടിയിലായത്. എറിയാട് ആറാട്ടുവഴിയിൽ വാടകക്ക് താമസിക്കുന്ന ഇയാളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമമാണ് നാടകീയ രംഗങ്ങളിലേക്ക് വഴിമാറിയത്.
പൊലീസിനെ അപ്രതീക്ഷിതമായി കണ്ട പരിഭ്രാന്തിയിൽ കഞ്ചാവ് നശിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. കൈവശമുണ്ടായിരുന്ന കഞ്ചാവ് പാക്കറ്റുകൾ അടുപ്പിനുള്ളിലേക്ക് തള്ളുകയായിരുന്നു.
അടുപ്പിൽ തീ ഉണ്ടായിരുന്നില്ലെങ്കിലും ചാരത്തിനുള്ളിൽ കനൽ ഉണ്ടായിരുന്നതിനാൽ അടുപ്പിൽനിന്ന് പുക ഉയർന്നു. കഞ്ചാവ് കരിഞ്ഞ രൂക്ഷഗന്ധം വീടിനുള്ളിൽ പരന്നതോടെ പൊലീസിന് കാര്യം മനസ്സിലായി. തുടർന്ന് എസ്.ഐയും സംഘവും അടുപ്പിൽനിന്ന് കഞ്ചാവ് പൊതികൾ വീണ്ടെടുത്തു.
കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനക്ക് സൂക്ഷിച്ച കഞ്ചാവുമായാണ് പ്രതിയെ പിടിച്ചത്. എൻ.ഡി.പി.എസ് നിയമത്തിന് പുറമെ ജാമ്യമില്ലാ വകുപ്പായ ബാലനീതി നിയമത്തിലെ സെക്ഷൻ 77 കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
പ്രദേശത്ത് സ്കൂൾ-കോളജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന മറ്റ് സംഘങ്ങളെക്കുറിച്ച് അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർമാരായ അതുൽ മോഹൻ, അറഫത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജിഷ, കിഷോർ ചന്ദ്രൻ, ജിജിൻ ജെയിംസ്, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ പ്രദീപ്, എ.എസ്.ഐ ലിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, സുർജിത്ത് എന്നിവരാണ് അന്വേഷണം നടത്തിയത്.


