സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsകോട്ടയം: സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. എലിക്കുളം ആളുറുമ്പ് കരയിൽ പടിഞ്ഞാറ്റമല ഭാഗത്ത് ചിറ്റക്കാട്ട് മാത്യു തോമസിനെയാണ് (57) കോട്ടയം അഡീഷണൽ ജില്ല കോടതി ഒന്ന് ജഡ്ജ് കെ. ലില്ലി ശിക്ഷിച്ചത്. 2016 ഓഗസ്റ്റിലാണ് സംഭവം. പ്രതി വാങ്ങിവെച്ചിരുന്ന മദ്യം സഹോദരൻ ജോയി എടുത്ത് കുടിച്ചതിനു പകരം 1000 രൂപ ചോദിച്ചു. പണം കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം കൈക്കോടലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
പൊൻകുന്നം പൊലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന കെ. അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ ആയിരുന്ന ടി.ടി. സുബ്രഹ്മണ്യനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മീര രാധാകൃഷ്ണൻ, അഡ്വ. വി.എസ്. അർജുൻ എന്നിവർ ഹാജരായി.


