സമൂഹമാധ്യമം വഴി വിവാഹാലോചന തട്ടിപ്പ്; യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് റമീസ്
കൽപറ്റ: സാമൂഹമാധ്യമങ്ങൾ വഴി വിവാഹാലോചന തട്ടിപ്പ് നടത്തിയ യുവാവിനെ ജില്ല സൈബർ ക്രൈം പൊലീസ് പിടികൂടി. വിവിധ മാട്രിമോണി വെബ്സൈറ്റുകളിൽനിന്ന് സ്ത്രീകളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ച് സമൂഹമാധ്യമം വഴി വ്യാജ വിവാഹാലോചന അക്കൗണ്ടുകൾ നിർമിച്ച് തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി മുഹമ്മദ് റമീസിനെയാണ് (27) ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹമാധ്യമങ്ങളിൽ മാട്രിമോണിയൽ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിർമിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്.
പ്രശസ്ത മാട്രിമോണിയൽ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽനിന്ന് സ്ത്രീകളുടെ ഫോട്ടോ അടക്കമുള്ള വ്യക്തി വിവരങ്ങൾ കൈവശപ്പെടുത്തി വ്യാജ അക്കൗണ്ടുകൾ വഴി ഇടപാടുകാരെ കണ്ടെത്തി രജിസ്ട്രേഷൻ ഫീസ് വാങ്ങി ഫോട്ടോ അയച്ചു നൽകി കബളിപ്പിക്കുകയാണ് ചെയ്തിരുന്നത്. ചൂരൽമല സ്വദേശിയായ യുവാവ് തന്റെ ബന്ധുവിന്റെ വിവാഹാലോചനക്ക് ഇവരുമായി ബന്ധപ്പെട്ട് 1400 രൂപ നൽകി രജിസ്റ്റർ ചെയ്തിരുന്നു.
പണം വാങ്ങിയശേഷം തട്ടിപ്പ് സംഘം യുവാവിനെ ബ്ലോക്ക് ചെയ്തു. തുടർന്ന് മറ്റൊരു നമ്പറിൽനിന്നു ബന്ധപ്പെട്ടപ്പോൾ മുമ്പ് അയച്ച പെൺകുട്ടിയുടെ ഫോട്ടോ മറ്റൊരു പേരിൽ അയച്ചു നൽകിയപ്പോൾ തട്ടിപ്പ് മനസ്സിലാക്കുകയും സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ഒരു മാസത്തിനുള്ളിൽതന്നെ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് 1400 രൂപ നിരക്കിൽ 300ഓളം ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഇയാൾക്കെതിരെ നാഷനൽ സൈബർ റിപ്പോർട്ടിങ് പോർട്ടലിൽ 27ഓളം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് സംഘത്തിൽ എസ്.ഐ ബിനോയ് സ്കറിയ, എസ്.സി.പി.ഒ അബ്ദുൽ സലാം, സി.പി.ഒമാരായ അരുൺ അരവിന്ദ്, മുഹമ്മദ് അനീസ് എന്നിവരുമുണ്ടായിരുന്നു.