Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറാട്ടുപുഴയിൽ...

ആറാട്ടുപുഴയിൽ പട്ടാപ്പകൽ മുളകുപൊടി വിതറി വൻ കവർച്ച

text_fields
bookmark_border
ആറാട്ടുപുഴയിൽ പട്ടാപ്പകൽ മുളകുപൊടി വിതറി വൻ കവർച്ച
cancel
camera_alt

പ്ര​തി​ക​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത പ​ണം പൊ​ലീ​സ് പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ

ആറാട്ടുപുഴ: പണയ ഉരുപ്പടി എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തിയ ആളുടെ കണ്ണിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വർണവും കവർന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് 10 മിനിറ്റിനുള്ളിൽ വലയിലാക്കി. മൂന്നുപേർ അറസ്റ്റിലായി.കോട്ടയം മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ്.എൽ. പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22), എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.

പിടിയിലായ പ്രതികൾ

മൂവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പ്രതികളിൽ നിന്നും 2823800 രൂപയും 22 ഗ്രാം സ്വർണവും കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്വകാര്യ പണയമിടപാട് സ്ഥാപനത്തിൽ വെച്ച സ്വർണ ഉരുപ്പടികൾ എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ഇപ്പോൾ വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്‌വത്ത് നഗർ തെക്കേ ചേലപ്പള്ളിൽ നസറുൽ ഇസ്‌ലാമിനെ (നാസർ -52) ഒന്നാം പ്രതി ശ്രീജിത്ത് ബന്ധപ്പെടുന്നത്. പണയച്ചീട്ട് അയച്ചു നൽകാൻ ആവശ്യപ്പെട്ടപ്പോൾ കാർത്തികപ്പള്ളിയിലുള്ള ഒരു ഫൈനാൻസിന്റെ ചീട്ട് അയച്ചു നൽകി വിശ്വസിപ്പിച്ചു. തുടർന്ന് ആലപ്പുഴയിൽ നിന്നും നാസർ സ്കൂട്ടറിൽ തോട്ടപ്പള്ളിയിൽ എത്തുകയും അവിടെ കാത്തുനിന്ന ശ്രീജിത്തിനെ സ്കൂട്ടറിന്റെ പിറകിൽ കയറ്റി ആറാട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്നു. കാർത്തികപ്പള്ളിയിലെ സ്ഥാപനത്തിന്റെ ബ്രാഞ്ച് ആറാട്ടുപുഴയിൽ ആണെന്ന് പറഞ്ഞുതരിപ്പിച്ചാണ് ആറാട്ടുപുഴയ്ക്ക് കൊണ്ടുപോയത്.

ബസ്റ്റാൻഡ് ഭാഗത്തു എത്തിയപ്പോൾ അച്ഛനെ വിളിക്കാനെന്ന് പറഞ്ഞു വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. റോഡിന്റെ വലതുഭാഗത്ത് വണ്ടി നിർത്തിയ ഉടനെ ഹെൽമെറ്റ് ഊരിയെറിഞ്ഞ് കണ്ണിൽ മുളകുപൊടി വിതറി സ്കൂട്ടറിന്റെ മുന്നിലിരുന്ന ബാഗുമെടുത്തു ശ്രീജിത്ത് ഓടുകയായിരുന്നു. ഈ സമയം ബൈ റോഡിൽ കാത്തുനിന്ന അനീഷും അരവിന്ദും സ്കൂട്ടറിൽ എത്തി ശ്രീജിത്തിനെ പിന്നിൽ കയറ്റി തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോയി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഒരു സ്കൂട്ടറിൽ മൂന്നുപേർ പണം കവർന്നുവരുന്ന വിവരം ഉടൻതന്നെ തൃക്കുന്നപ്പുഴ സ്റ്റേഷനിൽ അറിയിച്ചു.

തൃക്കുന്നപ്പുഴ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും തൃക്കുന്നപ്പുഴയുടെ വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചു. മതുക്കൽ ഭാഗത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് ജങ്കാറിന്റെ ഭാഗത്ത് എത്തിയതോടെ അവിടെ കാത്തുനിന്ന പൊലീസുകാർ ഇവരെ പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏറെ പണിപ്പെട്ട് പൊലീസ് പ്രതികളെ കീഴടക്കി. പ്രതികൾ മൂവരും നേരത്തെ വിവിധ ക്രിമിനൽ കേസുകളിൽ കോട്ടയത്തെ ജയിലിൽ കഴിഞ്ഞവരാണ്. അവിടെവെച്ചാണ് കവർച്ച ഗൂഢാലോചന നടത്തിയത്. മേയിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം അരവിന്ദിന്റെ വീട്ടിൽ ഒത്തുചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.

ശ്രീജിത്ത് കാപ്പ കേസിൽ പ്രതിയാണ്. ഇയാളുടെ പേരിൽ രണ്ട് വധശ്രമം ഉൾപ്പെടെ ആറ് കേസുകൾ ഉണ്ട്. വൈക്കം തുരുത്തിപ്പള്ളി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അരവിന്ദ് വിഗ്രഹത്തിലെ മാല മോഷ്ടിച്ച കേസിലാണ് ജയിലായത്. മൂന്നാം പ്രതി അനീഷ് പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ജയിലിലായത്. പണയം ഉരുപ്പടി നിരവധി തവണ എടുത്തു കൊടുത്തതിന്റെ പേരിൽ നാസറിന് അരവിന്ദ് പണം കൊടുക്കാൻ ഉണ്ടായിരുന്നു. അതിന്റെ പേരിൽ അരവിന്ദിന്റെ രണ്ട് സ്കൂട്ടറുകൾ നാസർ പിടിച്ചുവെച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം വിളിച്ച് പണം ഇന്ന് കൊണ്ടുവരാമെന്ന് പറഞ്ഞതായി നാസർ പറയുന്നു. പ്രതികളെ പിടികൂടിയപ്പോഴാണ് അരവിന്ദ് സംഘത്തിലുള്ള വിവരം നാസർ അറിയുന്നത്. മുളകുപൊടി കണ്ണ‌ിൽ വീണതോടെ നാസർ സ്കൂടറിൽ നിന്നും വീണ് കാലുകൾക്കും കൈക്കും പരിക്കേറ്റു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃക്കുന്നപ്പുഴ പോലീസ് ഇൻസ്‌പെക്ടർ ലാൽ സി. ബേബി, സബ് ഇൻസ്‌പെക്ടർമാരായ രഞ്ജിത്ത്, ശ്രീകുമാർ, സോമരാജൻ നായർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സബിൻ, പ്രദീപ്, വിനോദ് കുമാർ, ഗോപകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിബിലാൽ, വിനയചന്ദ്രൻ, സാജിദ്, അനീഷ് കുമാർ, ഇഖ്ബാൽ, സിവിൽ പോലീസ് ഓഫീസർമാരായ സഫീർ, അനന്ദപത്മനാഭൻ, വിനീത, ഗാർഗി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ മോഷണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Show Full Article
TAGS:Robbery ATTACKED police arrest Crime News criminal gang 
News Summary - Massive robbery in Arattupuzha, with chili powder scattered in broad daylight
Next Story