കാറിൽനിന്ന് 25 ഗ്രാം എം.ഡി.എം.എ കണ്ടെത്തി; ഒളിവിൽ പോയ പ്രതി പിടിയിൽ
text_fieldsനജീബ്
വണ്ടൂർ: കാറിൽനിന്ന് എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാളികാവ് കറുത്തേനിയിൽ പൊലീസിനെ കണ്ട് 25 ഗ്രാം എം.ഡി.എം.എ കാറിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ വണ്ടൂർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് പിടികൂടി. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് പൊലീസ് ഇൻസ്പെക്ടർ കെ. സലീം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 30ന് രാത്രി ഒമ്പതോടെയാണ് സംഭവം. ബംഗളൂരുവിൽനിന്ന് കൊണ്ടുവരുന്ന എം.ഡി.എം.എ പ്രതി കാറിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ കാളികാവ് പൊലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കറുത്തേനിയിൽ ഇയാൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കാറിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തു. ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം വണ്ടൂർ ഭാഗത്തേക്ക് കാറിൽ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വണ്ടൂർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് പിടികൂടിയത്. എസ്.ഐ കെ. പ്രദീപ്, എ.എസ്.ഐ സി.ടി. സാബിറ, സീനിയർ സി.പി.ഒ എസ്.സി. സജിത, കെ. അരുൺ, മൻസൂർ അലി, സി.പി.ഒ കെ. ബാബു എന്നിവരും ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.