എം.ഡി.എം.എയുമായി മുൻ ‘മിസ്റ്റർ എറണാകുളം’ പിടിയിൽ
text_fieldsകൊച്ചി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. 390 ഗ്രാം എം.ഡി.എം.എയുമായി മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ ആലുവ എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് (26) ഡാൻസാഫിന്റെ പിടിയിലായത്. തൃക്കാക്കരക്ക് സമീപം വാഴക്കാലയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇന്നലെ രാത്രി 9.30തോടെ പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽ നിന്ന് എം.ഡി.എം.എ, ലഹരിവിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 66,000 രൂപ, ഡിജിറ്റൽ ത്രാസ്, ലഹരിമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സിപ്‌ലോക്ക് കവറുകൾ, മോട്ടോർ സൈക്കിൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
കൊച്ചിയിൽ യുവാക്കൾക്കിടയിലും നൈറ്റ് ക്ലബുകളിലും ലഹരിയെത്തിക്കുന്ന പ്രധാന കണ്ണിയാണ് സാദിഖ് എന്ന് പൊലീസ് പറയുന്നു. ഈ വർഷം ആദ്യം അറസ്റ്റിലായ കെവിൻ എന്ന ലഹരി മാഫിയാ തലവനുമായി സാദിഖിന് അടുത്ത ബന്ധമുണ്ടായിരുന്നു. നാലുമാസം മുമ്പാണ് 450 ഗ്രാം എം.ഡി.എം.എയുമായി കെവിൻ അറസ്റ്റിലായത്. ഡോക്ടർമാർ, അഭിഭാഷകർ, ബിസിനസുകാർ അടക്കമുള്ള എട്ടംഗ സംഘത്തെ കഴിഞ്ഞ മാർച്ച് 28ന് കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ വെച്ച് ലഹരി മരുന്നുകളുമായി പൊലീസ് പിടികൂടിയിരുന്നു. ആ പാർട്ടിയിലേക്ക് ലഹരി എത്തിച്ചത് കെവിൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയാൾ പിടിയിലാകുന്നത്. കെവിൻ ജയിലിലായതോടെ, സംഘത്തിലെ പ്രധാനിയായിരുന്ന സാദിഖ് ഇടപാടുകൾ ഏറ്റെടുക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സാദിഖിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്ന് ഒരാഴ്ചക്കുള്ളിൽ 10 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. ഇത് ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ച പണമാണെന്നാണ് പൊലീസിന്റെ സംശയം. നിലവിൽ ഒളിവിൽ കഴിയുന്ന സാദിഖിന്റെ കൂട്ടാളിയാണ് കേരളത്തിന് പുറത്തുനിന്ന് എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നത്. ഈ ലഹരിമരുന്ന് കുമരകത്തുള്ള സാദിഖിന്റെ താൽക്കാലിക താവളത്തിലാണ് എത്തിച്ചിരുന്നത്. അവിടെ വെച്ച് ചെറിയ പാക്കുകളാക്കിയ ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്. നഗരത്തിലെ ഉന്നതരായ പലരും സാദിഖിന്റെ ലഹരി വലയത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കോടഞ്ചേരി: അടിവാരം നൂറാംതോട് റോഡിലെ സ്വകാര്യ വ്യക്തിയുടെ അപ്പാർട്ട്മെന്റിൽ നിന്നും എം.ഡി.എം.എ പിടികൂടി. എളേറ്റിൽ കരിമ്പാപൊയിൽ സ്വദേശിയായ ഫായിസ് മുഹമ്മദിന്റെ (29) കൈയിൽ നിന്നാണ് 5.080 ഗ്രാം എം.ഡി.എം.എയും 86,300 രൂപയുമാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് വളഞ്ഞു നടത്തിയ പരിശോധനയിലാണ് ഫായിസ് പിടിയിലായത്. പ്രതിയുടെ പേരിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ആറോളം കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


