ഐക്കരപ്പടിയിലെ എം.ഡി.എം.എ വേട്ട; ഒരാള്‍കൂടി അറസ്റ്റില്‍
text_fieldsസുബിന്‍
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് കണ്ണംവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട് നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കോഴിക്കോട് കൊമ്മേരി വളയനാട് സുബിന്‍ നിവാസില്‍ സുബിനാണ് (38) പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഒക്ടോബര്‍ ആറിനായിരുന്നു സംഭവം. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും കാറുകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘത്തെ സാഹസികമായി വലയിലാക്കുകയായിരുന്നു. ഏഴംഗ സംഘത്തിലെ നാലുപേരെയാണ് അന്ന് പിടികൂടാനായത്. രക്ഷപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ സുബിനെന്ന് കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു.
സംഘത്തില്‍ നിന്ന് 153 ഗ്രാം എം.ഡി.എം.എയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസ്, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.
അറസ്റ്റിലായ സുബിന്‍ കോഴിക്കോട് ജില്ലയിലെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


