പുനലൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പുനലൂർ: നാല് ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പുനലൂർ പൊലീസ് പിടികൂടി. വാളക്കോട് പ്ലാച്ചേരി രേവതിഭവനിൽ സായുഷ് ദേവ് (24), മണിയാർ പരവട്ടം സുധീഷ് ഭവനിൽ സുമേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് ടീമും പുനലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച പുലർച്ച പരവട്ടം മുഖത്തല ജങ്ഷനിൽനിന്ന് ഇവർ പിടിയിലായത്. കുറച്ച് നാളുകളായി പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച പുലർച്ച രണ്ടോടെ പുനലൂർ തൊളിക്കോട് നിന്ന് പരവട്ടത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു പ്രതികൾ. പരവട്ടം മുഖത്തല ജങ്ഷനിൽവെച്ച് വാഹനം പൊലീസ് തടയുകയായിരുന്നു. പിടിക്കപ്പെടുമ്പോൾ പ്രതികളുടെ ട്രാക്ക്സ്യൂട്ട് പാൻറിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് പാക്കറ്റിൽ സൂക്ഷിച്ചിരുന്ന നാല് ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.
വിശദമായ ചോദ്യം ചെയ്തെങ്കിലേ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി.