സംസാരത്തിലൂടെ ആളുകളെ വീഴ്ത്തും; മുങ്ങുന്നത് ലക്ഷങ്ങളുമായി
text_fieldsഫലീൽ
കണ്ണൂർ: ആളുകളെ അതിസമർഥമായി കബളിപ്പിച്ച് പണമുണ്ടാക്കുന്നതിൽ മിടുക്കനാണ് പിടിയിലായ ഫലീൽ. കണ്ണങ്കൈ പള്ളി ഖത്തീബില്നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്തത് പുതിയതെരു പള്ളി സെക്രട്ടറി എന്ന പേരിലാണ്. ഖത്തീബ് പുതിയതെരു പള്ളിയില്‍ വിളിച്ച് ചോദിച്ചപ്പോള്‍ അവിടെയുള്ള സെക്രട്ടറിയുടെ പേര് ഫലീല്‍ എന്നായിരുന്നു. സഞ്ചാരത്തിനിടയില്‍ തന്റെ പേര് തന്നെയാണ് പുതിയതെരു പള്ളി കമ്മിറ്റി സെക്രട്ടറിക്കുമുള്ളതെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ ആ പള്ളിയുടെ സെക്രട്ടറിയാണെന്ന് ഖത്തീബിനോട് പറഞ്ഞത്.
പേട്ടയില്‍ ബിസിനസാണെന്നും കണ്ണൂര്‍, കാസർകോട്ട് ജില്ലകളില്‍ അരി വില്പന നടത്തുന്നുണ്ടെന്നും പാവങ്ങളെ സഹായിക്കാന്‍ തന്റെ നേതൃത്വത്തില്‍ സംഘടനയുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് 32 ലക്ഷം തട്ടിയെടുത്തത്.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനാണ് പൂവത്തെ വ്യാപാരി ഇബ്രാഹിമിനെ ഇയാള്‍ സമീപിച്ചത്. ഓരോ മാസവും കിറ്റ് നല്‍കണമെന്ന് പറഞ്ഞ് അഡ്വാന്‍സായി കുറച്ച് പണം നല്കി. പണം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇബ്രാഹിം പിന്നീടും കിറ്റുകള്‍ നല്കിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ മൂന്നു ലക്ഷം രൂപയോളം ലഭിക്കാനുണ്ട്.
ഇരിട്ടിയില്‍ തുണി വ്യാപാരം നടത്തുന്ന മുസ്തഫയാണ് ഇയാളുടെ തട്ടിപ്പിന്റെ ഏറ്റവും വലിയ ഇര. 125 പവനും 24 ലക്ഷം രൂപയുമാണ് മുസ്തഫയില്‍നിന്ന് തട്ടിയെടുത്തത്. പെരുമ്പടവിലെ ലോട്ടറി വില്‍പനക്കാരിയില്‍നിന്ന് മൂന്നു ലക്ഷവും തട്ടിയെടുത്തു. ചീമേനിയില്‍ ലോട്ടറി സ്റ്റാള്‍ നടത്തുന്ന സ്ത്രീ തന്റെ 12 ലക്ഷം രൂപ ഇയാള്‍ തട്ടിയതായി കണ്ണപുരം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
തട്ടിപ്പിനിരയായ തളിപ്പറമ്പിലും പരിസരത്തുമുള്ള 20ഓളം പേര് ചേര്‍ന്ന് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട്. പെരുമ്പടവ്, ഏര്യം, എളമ്പേരം, പൂവം, ചെങ്ങളായി, ഉളിക്കല്‍, ചപ്പാരപ്പടവ്, പൊക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. ഇയാളുടെ ബന്ധു പുളിമ്പറമ്പിലെ മുനീര്‍, പെരുമ്പടവ് വട്ട്യേരിയിലെ നിഷാദ്, ചുഴലിയിലെ മുനവ്വിര്‍, കണ്ണൂരിലെ അഷ്റഫ് എന്നിവര്‍ ഫലീലിന്റെ സഹായികളാണെന്ന് തട്ടിപ്പിനിരയായവര്‍ തളിപ്പറമ്പ് പൊലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂർ: നിരവധി ആളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ. എളമ്പേരത്ത് താമസിക്കുന്ന എടക്കാട് കടമ്പൂര് മമ്മാക്കുന്ന് വാഴയില്‍ ഹൗസില്‍ വി. ഫലീലിനെയാണ് (51) കണ്ണൂര്‍ എ.സി.പി പ്രദീപന് കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ കണ്ണപുരം ഇൻസ്പെക്ടർ പി. ബാബുമോൻ കാസർകോട് ചീമേനിയിൽ അറസ്റ്റ് ചെയ്തത്.