പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ അനീഷ്, ഷൈജു
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയും, ഇതേ കുട്ടിയെ മുമ്പ് പീഡിപ്പിച്ച അടുത്ത ബന്ധുവും അറസ്റ്റിൽ. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ് (24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അനീഷ് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ട്പോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽനിന്ന് പെൺകുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും അനീഷിനെയും കോട്ടയത്തുള്ള അനീഷിന്‍റെ വീട്ടിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കൗൺസലിങ് നടത്തിയപ്പോൾ നൽകിയ മൊഴിയിലാണ് അടുത്ത ബന്ധുവായ ഷൈജു ആറു വർഷം മുമ്പ് പലതവണ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. തുടർന്ന് ഷൈജുവിനെയും പിടികൂടി.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ദിവ്യ വി. ഗോപിനാഥിന്‍റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐമാരായ നൂറുൽ ഹസൻ, വിജയൻ, പൊലീസുകാരായ ബിജു സി, ബിജു ആർ, ലിജുഷാൻ, ശരത്ചന്ദ്രൻ, അഖിൽ കുമാർ, രമ്യാദേവി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.