Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനഷ്ടമാകുന്ന പൊതു...

നഷ്ടമാകുന്ന പൊതു ഇടങ്ങള്‍, പിടി മുറുക്കുന്ന ലഹരി മാഫിയ

text_fields
bookmark_border
നഷ്ടമാകുന്ന പൊതു ഇടങ്ങള്‍,  പിടി മുറുക്കുന്ന ലഹരി മാഫിയ
cancel

കേരളത്തിൽ ദൈനംദിനം പെരുകുന്ന ചോരയുറയുന്ന അതിക്രമങ്ങൾക്കിടയിലും പ്രതിസന്ധിയുടെ കാതലായ വശത്തിലേക്ക് കടക്കാന്‍ ആരും ഇനിയും തയ്യാറായിട്ടില്ലെന്ന് ​സാമൂഹിക പ്രവർത്തകൻ കെ. സഹദേവൻ. നഷ്ടമാവുന്ന ​പൊതു ഇടങ്ങളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സഹദേവൻ ഇക്കാര്യം വിശദമാക്കിയത്. പോസ്റ്റ് വായിക്കാം:

‘യുവാവ് അഞ്ചോളം കുടുംബാംഗങ്ങളെ കൊന്നതിനു ശേഷം പൊലീസിന് മുന്നില്‍ കുറ്റം ഏറ്റുപറയുന്നു, മറ്റൊരിടത്ത് പരസ്പരമുള്ള ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുന്നു; വേറൊരിടത്ത് വാട്‌സാപ്പ് ചാറ്റുകളില്‍ കൊലവിളികള്‍ ഉയരുന്നു, പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. 'കേരളം മയക്കുമരുന്നിന്റെ പിടിയിലേക്കെന്ന്’ മാധ്യമങ്ങള്‍...സോഷ്യല്‍ മീഡിയകളില്‍ പരിഭ്രാന്തി നിറഞ്ഞ സ്വരങ്ങള്‍. മയക്കുമരുന്നതിനെതിരെ വീടുകളില്‍ ദീപം തെളിയിക്കുമെന്ന് DYFI പ്രഖ്യാപനം...!! ഇതാണ് വര്‍ത്തമാന കേരളം!!

പ്രതിസന്ധിയുടെ കാതലിലേക്ക് കടക്കാന്‍ ആരും ഇനിയും തയ്യാറായിട്ടില്ലെന്ന് വേണം കരുതാന്‍. നിയോലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനാരംഭിച്ച തൊണ്ണൂറുകളുടെ അവസാനത്തിലേക്കും പുതു സഹസ്രാബ്ദത്തിന്റെ ആരംഭത്തിലേക്കും തിരിഞ്ഞുനോക്കാന്‍ ഈ സാഹചര്യങ്ങള്‍ നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്.

കേരളത്തിന്റെ പൊതു സ്ഥലങ്ങള്‍ ഓരോന്നായി പൊതുജനങ്ങളില്‍ നിന്ന് തട്ടിയെടുക്കുകയും റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ കൈകളിലേക്ക് വെച്ചുകൊടുക്കുകയും ചെയ്ത് ‘കേരളം വികസിച്ചേ’ എന്ന് ഓരിയിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ധുരന്ദരന്മാരാണ് ഈ പ്രതിസന്ധിയുടെ കാരണക്കാരില്‍ ഒന്നാമത്തെ കൂട്ടര്‍.

എല്ലാവര്‍ക്കും പൊതുവായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങള്‍ മാറി പണം കൊടുത്ത് കളിക്കാവുന്ന ടര്‍ഫ് ഗ്രൗണ്ടുകള്‍ നാട്ടിലെങ്ങും മുളച്ചുപൊന്തിയപ്പോള്‍ യുവജനങ്ങളുടെ ആനന്ദം പോലും ജി.ഡി.പി വളര്‍ച്ചക്കുള്ള ഉപാധിയാക്കിമാറ്റാമെന്ന് കണ്ടെത്തിയ ബുദ്ധിരാക്ഷസന്മാരാണ് നിലവിലെ ഈ സാമൂഹിക പ്രതിസന്ധിയുടെ കാരണക്കാര്‍ എന്ന് തിരിച്ചറിയാതെ ദീപംകൊളുത്തലും തിരുവാതിര കളിയും കൊണ്ട് പ്രശ്‌നം പരിഹരിക്കാം എന്ന് വിശ്വസിക്കുന്ന യുവജന പ്രസ്ഥാനങ്ങളാണ് ഇന്ന് നാടിന്റെ ശാപം.

കേരളത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെക്കുറിച്ച് നിരന്തരം ഓർമിപ്പിക്കുകയും പ്രാദേശിക തലത്തില്‍ അവ സംരക്ഷിക്കാനാവശ്യമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന ജനകീയ പ്രസ്ഥാനങ്ങളെ/ അവയുടെ പ്രവര്‍ത്തകരെ ഉച്ചക്കിറുക്കന്മാരെന്ന് പരിഹസിച്ചവര്‍ക്ക് ഈ പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ല.

വാല്‍ക്കഷണം:

അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന, തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കൊല്ലപ്പെട്ട റോബര്‍ട്ട്. എഫ് കെന്നഡി 1963ലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ നടത്തിയ പ്രസംഗം ഈയൊരു സന്ദര്‍ഭത്തില്‍ ഓർമിക്കുന്നത് നന്നായിരിക്കും:

'.....നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനം വായുമലിനീകരണത്തെയും, സിഗരറ്റ് പരസ്യങ്ങളെയും ഹൈവേകളിലെ അപകടങ്ങളില്‍ സഹായത്തിനെത്തുന്ന ആംബുലന്‍സുകളെയും കണക്കിലെടുക്കുന്നു. നമ്മുടെ വിലപിടിച്ച താഴുകളെയും ജയിലുകളെയും അത് പരിഗണിക്കുന്നു. റെഡ് വുഡ് മരങ്ങളുടെ നാശങ്ങളെയും പ്രാകൃതിക അത്ഭുതങ്ങളുടെ നഷ്ടങ്ങളെയും അത് എണ്ണത്തിലെടുക്കുന്നു. നമ്മുടെ നഗരങ്ങളിലെ കലാപം അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട പൊലീസുകാരുടെ സായുധവാഹനവ്യൂഹങ്ങളെയും ആണവായുധങ്ങളെയും അവ കണക്കില്‍ പെടുത്തുന്നു. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വില്‍ക്കുവാന്‍ ഹിംസയെ മഹത്വവല്‍ക്കരിക്കുന്ന ടെലിവിഷന്‍ പരിപാടികളെയും അത് ഗണനാവിഷയമാക്കുന്നു.

എന്നിരുന്നാലും, മൊത്ത ആഭ്യന്തര ഉത്പാദനം നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെയും അവരുടെ വിദ്യാഭ്യാസ നിലവാരത്തെയും കളികളിലെ ഹര്‍ഷാതിരേകങ്ങളെയും പരിഗണനാവിഷയങ്ങളാക്കാന്‍ അനുവദിക്കുന്നില്ല. നമ്മുടെ കവിതകളിലെ മനോഹാരിതയെയും, വിവാഹബന്ധങ്ങളിലെ ദൃഢതയെയും പൊതുസംവാദങ്ങളിലെ ബൗദ്ധിക നിലവാരങ്ങളെയും പൊതുസേവകരുടെ ധാർമിക നീതിയെയും ഉള്‍ച്ചേര്‍ക്കുന്നില്ല. നമ്മുടെ നർമോക്തിയേയോ ധൈര്യത്തേയോ, ജ്ഞാനത്തെയോ പാണ്ഡിത്യത്തെയോ, രാജ്യത്തോടുള്ള നമ്മുടെ സമര്‍പ്പണത്തെയോ ഭൂതദയയെയോ അത് അളക്കുന്നില്ല. അത് എല്ലാത്തിനെയും സംബന്ധിച്ച കണക്കെടുപ്പ് നടത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ജീവിതം മൂല്യവത്താക്കുന്നവയൊഴികെ മറ്റെന്തും.....'

ജര്‍മ്മന്‍ ദാര്‍ശനികനായിരുന്ന ആര്‍തര്‍ ഷോപ്പന്‍ഹാ (Arthur Schoppenahauer) യുടെ പ്രശ്‌സതമായ ആ വരികള്‍ കൂടി വായിക്കുക:
“All truth passes through three stages: First, it is ridiculed; second, it is violently opposed; and third, it is accepted as self-evident.

Show Full Article
TAGS:drug mafia Public Spaces against drug addiction anti drug campaign 
News Summary - Missing public spaces, The drug mafia that tightens its grip
Next Story