കോട്ടാത്തലയിൽ അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു
text_fieldsപ്രതീകാത്മക ചിത്രം
കൊട്ടാരക്കര: കോട്ടാത്തലയിൽ അമ്മയെയും മകനെയും വീടുകയറി അക്രമിച്ച സംഘത്തിലുണ്ടായിരുന്ന ഒരാളെ ഇരുവരും ചേർന്ന് പിടിച്ചുകെട്ടി. സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. കോട്ടാത്തല വയലിക്കട ചരിപ്പുറത്തുവീട്ടിൽ വിപിൻ(32) ആണ് അറസ്റ്റിലായത്.
കാപ്പാകേസിലുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് വിപിൻ എന്ന് പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന വിപിന്റെ സുഹൃത്ത് വിഷ്ണു, വിശാഖ് എന്നിവരെ പൊലീസ് തിരയുന്നു. വിഷ്ണുവും നിരവധി കേസുകളിൽ പ്രതിയാണ്. കോട്ടാത്തല അരുൺഭവനത്തിൽ അരുൺജിത്ത് (44), അമ്മ ഇന്ദിരാഭായി(68) എന്നിവർക്കുനേരെ ആയിരുന്നു അക്രമം.
തലക്ക് കുത്തേറ്റ അരുണും മർദനമേറ്റ ഇന്ദിരാഭായിയും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. അരുണിനെ തിരഞ്ഞെത്തിയ സംഘം വീട്ടിൽ കടന്ന് അക്രമം കാട്ടുകയായിരുന്നു. കത്തികൊണ്ട് തന്നെ കുത്താൻ ശ്രമിച്ചെന്നും തടയാൻ ശ്രമിക്കുന്നതിനിടെ തലയിൽ മുറിവേറ്റെന്നും അരുൺ പറയുന്നു. അരുണിനെ അക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ദിരാഭായിക്കും മർദനമേറ്റത്.
അടികൊണ്ട് നിലത്തുവീണിട്ടും അരുൺജിത്ത് പ്രതികളിലൊരാളുടെ കാലിൽനിന്ന് പിടിത്തം വിട്ടില്ല. മറ്റുള്ള പ്രതികളെ തടഞ്ഞുനിർത്താൻ ഇന്ദിരാഭായി പരിശ്രമിച്ചെങ്കിലും അക്രമികൾ തള്ളിയിട്ട് കടന്നുകളഞ്ഞു. തുടർന്നാണ് ഇരുവരും ചേർന്ന് വിപിനെ പിടിച്ചുകെട്ടിയത്. രണ്ടുദിവസം മുമ്പ് കോട്ടാത്തലയിൽ ക്ഷേത്രത്തിൽ കൈകൊട്ടിക്കളിക്കിടെ അക്രമം ഉണ്ടായിരുന്നു. സംഭവത്തിൽ കരുതൽ തടങ്കലിലായിരുന്ന വിപിനെയും വിഷ്ണുവിനെയും ചൊവ്വാഴ്ചയാണ് പൊലീസ് വിട്ടയച്ചത്.
സ്‌റ്റേഷനിൽ നിന്നിറങ്ങിയ ഇവർ അരുണിനെ വീടുകയറി അക്രമിക്കുകയായിരുന്നു. അരുണിന്റെ വീടിനുസമീപമുള്ള കളത്തട്ടിൽ മദ്യപാനവും അസഭ്യം വിളിയും പതിവായിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ആക്രമണമെന്ന് അരുൺ പറയുന്നു.


