പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച മാതാവും രണ്ടാനച്ഛനും അറസ്റ്റിൽ
text_fieldsസിബി
അഞ്ചൽ: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയും ഒപ്പം താമസിക്കുന്ന ആളും ചേർന്ന് യുവതിയുടെ പിതാവിനെയും മകനായ 13 കാരനെയും ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ഏരൂർ കരിമ്പിൻകോണത്ത് വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
മർദനമേറ്റ കുട്ടിയെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ കരിമ്പിൻകോണം സുധർമ്മ മന്ദിരത്തിൽ സൗമ്യ (37) ഒപ്പം താമസിക്കുന്ന കോട്ടയം കാണക്കാരി കടപ്പൂർ കല്ലുപറമ്പിൽ വിപിൻ കെ. സിബി (33) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സൗമ്യയുടെ പിതാവ് സജീവന്റെ (59) പേരിലുള്ള വീടും പുരയിടവും വിപിനും സൗമ്യയും ചേർന്ന് വ്യാജ രേഖചമച്ച് ബാങ്കിൽ പണയപ്പെടുത്തിയെന്നറിഞ്ഞ് വിവരം അന്വേഷിക്കാനെത്തിയ സജീവനെ സൗമ്യയും വിപിനും ചേർന്ന് മർദിക്കുന്നതു കണ്ട് എത്തിയ കുട്ടിയേയും ഇരുവരും ചേർന്ന് മർദിക്കുകയുണ്ടായത്രേ.
കുട്ടിയുടെ തോളെല്ലിന് പൊട്ടലും ശരീരമാസകലും അടിയേറ്റ പാടുകളുമുണ്ട്. വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയെന്ന പേരിൽ സജീവനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പുനലൂർ കോടതിയിൽ ഹാജരാക്കിയ വിപിനെ റിമാൻഡ് ചെയ്തു.


