മുംബൈയിൽ മൂന്നു മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
text_fieldsതാനെ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുഞ്ഞുങ്ങൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. അസ്നോലി ഗ്രാമത്തിലെ തലേപാട സ്വദേശിയായ 27 വയസ്സുകാരിയാണ് ക്രൂര കൃത്യം ചെയ്തത്. 5,8, 10 വയസ്സുള്ള കുട്ടികൾക്ക് ഭക്ഷണത്തിൽ കീടനാശിനി ചേർത്ത് നൽകുകയായിരുന്നു.
ഭക്ഷണം കഴിച്ച് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ വേഗം ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് രണ്ടു കുട്ടികളെ ജൂലൈ 24ന് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 25 ന് മരണപ്പെട്ടു. മറ്റൊരു കുട്ടി ജൂലൈ 24ന് നാസിക്കിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ ശനിയാഴ്ച രാത്രി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് തെളിയുകയായിരുന്നു. തുടർന്ന് ഞായറാഴ്ച പുലർച്ചെ 2 മണിക്ക് അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു.
കുട്ടികളുടെ പിതാവ് നിരന്തരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നതിനെ തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിച്ചിരുന്ന യുവതി മൂന്ന് കുഞ്ഞുങ്ങളെ വളർത്തുന്നതിന് ഏറെ പ്രയാസപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ബന്ധുക്കളാണ് കുട്ടികളുടെ മരണത്തിൽ യുവതിക്ക് പങ്കുണ്ടെന്ന് സംശയം ഉന്നയിച്ചത്.