മുക്കടവിലെ കൊലപാതകം; കൂടുതൽ തെളിവുകൾ ലഭിച്ചു
text_fieldsഅജ്ഞാത മൃതദേഹം കണ്ടെത്തിയ മുക്കടവ് ആളുകേറാമല റബർ തോട്ടത്തിൽ കൂടുതൽ
തെളിവുകൾ ശേഖരിക്കാൻ കാട് നീക്കം ചെയ്യുന്നു
പുനലൂർ: മുക്കടവ് ആളുകേറാമലയിൽ മധ്യവയ്സകനെ കൊന്ന് മരത്തിൽ ചങ്ങലയിൽ ബന്ധിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. കൊല്ലപ്പെട്ട ആളിനെയും കൊലയാളികളെയും കണ്ടെത്താൻ അന്വേഷണ സംഘത്തിന്റെ പഴുതടച്ചുള്ള പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. എന്നാൽ, ഇത് എന്തൊക്കെയാണെന്ന് വെളിപ്പെടുത്താൻ അന്വേഷണം സംഘം തയാറായില്ല.
ചൊവ്വാഴ്ച സംഭവസ്ഥലത്ത് കാട് തെളിച്ചു പരിശോധന നടത്തി. തീപിടിച്ച കാവി കൈലിയുടെ രണ്ടുകഷണം ലഭിച്ചു. ഇത് മരിച്ചയാളിന്റേത് ആകാമെന്നാണ് സംശയം. കൊല്ലപ്പെട്ട ആളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം ഡി.വൈ.എസ്.പി ടി.ആർ. ജിജു പറഞ്ഞു. എന്നാൽ, തെളിവുകൾ കൂട്ടിയോജിപ്പിച്ച് ആളിനെ തിരിച്ചറിയാൻ സമയം എടുക്കും. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേകസംഘങ്ങളെ ചുമതലപ്പെടുത്തി കൊല്ലപ്പെട്ടയാളിനെ തിരിച്ചറിയാൻ അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് സംശയകരമായ പലരെയും ചോദ്യംചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ചും സംഘത്തിന്റെ അന്വേഷണം നടക്കുന്നുണ്ട്.
അത്യപൂർവമായ ഈ സംഭവത്തിൽ മൃതദേഹം കണ്ടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും മരിച്ചയാളിനെയോ ഇതിന്റെ പിന്നിലുള്ളവരെയോ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ സംഭവസ്ഥലത്തും പരിസരങ്ങളിൽ നിന്നും കൊല്ലപ്പെട്ടയാളിലേക്കും പ്രതികളിലേക്കും സൂചന നൽകുന്ന കൂടുതലായി എന്തെങ്കിലും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചൊവ്വാഴ്ച കാട് തെളിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ, മൃതദേഹം കണ്ടെത്തിയതിന് ചുറ്റുവട്ടത്ത് അടിക്കാട് തെളിച്ചു പൊലീസ് പരിശോധന നടത്തിയെങ്കിലും കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
വള്ളിപ്പടർപ്പോടെ വലിയ കാടുമൂടി കിടക്കുന്ന ഈ തോട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇവിടേക്കുള്ള നടവഴികളിലും ചൊവ്വാഴ്ച കാടുവെട്ട് മെഷീൻ ഉപയോഗിച്ച് കാട് പൂർണമായി നീക്കി പരിശോധന നടത്തി. പുനലൂർ എസ്.എച്ച്.ഒ ടി. രാജേഷ് കുമാർ, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം വരുന്ന സംഘമാണ് പരിശോധനയിൽ ഏർപ്പെട്ടത്. കഴിഞ്ഞദിവസം മലയിൽ ഡ്രോൺ പറത്തി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇടത് കാലിന് സ്വാധീനമില്ലാത്ത ആളിന്റെ ഒരാഴ്ചയോളം പഴക്കമുള്ള ജീർണിച്ച മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്.


