യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി
text_fieldsകാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന അച്ചു
അഞ്ചൽ: ഏരൂർ മണലിൽ തിരുവാർപ്പ് ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രക്കിടെയുണ്ടായ വാക്കേറ്റത്തെത്തുടർന്ന് യുവാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി.
ഏരൂർ മണലിൽ അഞ്ജു നിവാസിൽ അച്ചു (24)വിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതുസംബന്ധിച്ച് അഞ്ചുപേർക്കെതിരെ ഏരൂർ പൊലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ച രണ്ടേമുക്കാലോടെ ഏരൂർ വെള്ളച്ചാലിലാണ് സംഭവം. മണലിൽ വെള്ളച്ചാൽ സ്വദേശി റിജോ, കരവാളൂർ സ്വദേശി ബിജോയ്, ആയിരനല്ലൂർ സ്വദേശി അനീഷ്, വെള്ളച്ചാൽ സ്വദേശി സനോ, തൊളിക്കോട് സ്വദേശി അനിൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തു.
അച്ചു ഉത്സവം കഴിഞ്ഞ് മടങ്ങവേ വെള്ളച്ചാലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് സമീപം െവച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അഞ്ചാംപ്രതിയായ അനിൽ താക്കോൽ പോലുള്ള ആയുധം ഉപയോഗിച്ച് പുരികത്തിൽ ഇടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തത്രെ. തുടർന്ന് റിജോ, ബിജോയ്, അനീഷ്, സനോ എന്നിവർ ചേർന്ന് കൈകൊണ്ടിടിക്കുകയും ചവിട്ടുകയും ചെയ്തതായാണ് പരാതി.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അച്ചുവിനെ പിന്തുടർന്ന് വെള്ളച്ചാൽ ട്രാൻസ്ഫോർമറിന് സമീപം വെച്ച് ഒന്നാം പ്രതി റിജോ കാർകൊണ്ട് ഇടിച്ച് തെറിപ്പിച്ചു. റോഡിലേക്ക് വീണ് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് അച്ചുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രതികൾ ഒളിവിലാണെന്നും പട്ടികജാതി-വർഗ അതിക്രമ വകുപ്പുകൂടി ചുമത്തി പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളിൽ ചിലർ നേരത്തേയും ക്രിമിനൽ കേസ് പ്രതികളാണെന്നും ഏരൂർ പൊലീസ് അറിയിച്ചു.