യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsപ്രതികൾ
ചങ്ങരംകുളം: കാപ്പ ലംഘിച്ച് ജില്ലയില്‍ കടന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചങ്ങരംകുളം പൊന്നാനി സ്റ്റേഷന് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തപ്പെട്ട എടപ്പാള്‍ ഐലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ കിരണ്‍ (21), പൊന്നാനി ചന്തക്കുന്ന് അത്താണി പറമ്പില്‍ വിഷ്ണു (27) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ഷൈനിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍നിന്ന് പിടികൂടിയത്.
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. പ്രതിരോധത്തിനിടെ കായലിലേക്ക് വീണ ചങ്ങരംകുളം എസ്.ഐ സുരേഷിന്റെ ഇടതുകൈക്ക് പരിക്കേറ്റു. ജനുവരി 28ന് പൊന്നാനി സ്റ്റേഷന് പരിധിയില്‍ എടപ്പാള്‍ കല്ല്യാനിക്കാവ് ഉത്സവത്തിനിടെയാണ് പ്രതികള്‍ മാണൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
ഫെബ്രുവരി ആറിന് ഇതേസംഘം എടപ്പാളില്‍ മറ്റൊരു സ്ഥലത്തും ആക്രമണം നടത്തിയിരുന്നു. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ പൊന്നാനി പൊലീസും ചങ്ങരംകുളം പൊലീസും കേസെടുക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ കൊച്ചിയില്‍ മരട് സ്റ്റേഷന് പരിധിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചങ്ങരംകുളം സി.ഐ ഷൈന്‍, എസ്.ഐ സുരേഷ്, സീനിയര്‍ സി.പി.ഒ സബീഷ്, സി.പി.ഒമാരായ ശ്രീഷ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കൊച്ചിയിലെ ഒളിത്താവളത്തിലെത്തി പ്രതികളെ പിടികൂടിയത്.
പിടിയിലായ പ്രതികള്‍ സമാനമായ പത്തിലതികം കേസുകളില്‍ ഉള്‍പെട്ട് നാട് കടത്തിയവരാണെന്നും കാപ്പ ലംഘിച്ചാണ് ജില്ലയില്‍ എത്തി അക്രമം നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരെയും പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.