പ്രായപൂർത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകൻ ബലാത്സംഗം ചെയ്തെന്ന് പരാതി
text_fieldsദേശീയ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജ്
ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകൻ ബലാത്സംഗം ചെയ്തതായി പരാതി. 17കാരിയുടെ പരാതിയിൽ ദേശീയ പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കായിക ലോകത്തെ ഞെട്ടിച്ച സംഭവം ഡിസംബർ 16ന് ഫരീദാബാദിലാണ് നടന്നത്. ഡൽഹിയിലെ ഡോ. കർണീസിങ് ഷൂട്ടിങ് റേഞ്ചിൽ നടന്ന ഷൂട്ടിങ് മത്സരവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി ബലാത്സംഘം ചെയ്തെന്നാണ് താരത്തിന്‍റെ പരാതി.
ഷൂട്ടിങ് മത്സരത്തിലെ പ്രകടനം വിലയിരുത്തേണ്ടതുണ്ടെന്ന് പരിശീലകനായ അങ്കുഷ് ഭരദ്വാജ് 17കാരിയായ ദേശീയ താരത്തെ അറിയിക്കുകയായിരുന്നു. ഇതുപ്രകാരം ഫരീദാബാദ് സൂരജ്കുണ്ഡിലെ ഹോട്ടലിലേക്ക് കായികതാരത്തെ വിളിച്ചുവരുത്തി. ഹോട്ടൽ ലോബിയിൽ നിന്ന് സംസാരിക്കുന്നതിനിടെ മുറിയിലേക്ക് ബലമായി വിളിച്ചുകയറ്റി പരിശീലകൻ പീഡിപ്പിച്ചെന്ന് പരാതി പറയുന്നു.
പരിശീലകനിൽ നിന്ന് രക്ഷപ്പെടാൻ കായികതാരം ശ്രമിച്ചെങ്കിലും പീഡനം തുടരുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും പരിശീലകൻ ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട കായികതാരം തനിക്ക് നേരിട്ട ദുരനുഭവം കുടുംബത്തെ അറിയിക്കുകയായിരുന്നു.
എൻ.ഐ.ടി ഫരീദാബാദിലെ വനിത പൊലീസ് സ്റ്റേഷനിലാണ് കായിക താരം പരാതി നൽകിയത്. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ.ആർ.എ.ഐ) നിയമിച്ച 13 ദേശീയ ഷൂട്ടിങ് പരിശീലകരിൽ ഒരാളാണ് കേസിലെ പ്രതിയായ അങ്കുഷ് ഭരദ്വാജ് എന്ന് പൊലീസ് അറിയിച്ചു.
ആരോപണത്തെ തുടർന്ന് അങ്കുഷ് ഭരദ്വാജിനെ നാഷണൽ റൈഫിൾസ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് സസ്പെൻഡ് ചെയ്തു.


