വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രവാസി വ്യവസായി വെടിയേറ്റുമരിച്ചു; അയൽവാസി വെടിയുതിർത്തത് 16 തവണ
text_fieldsഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ഉണ്ടായ തർക്കത്തെ തുടർന്ന്, സിംഗപ്പൂരിൽ നിന്നെത്തിയ പ്രവാസി വ്യവസായി അയൽവാസിയുടെ വെടിയേറ്റു മരിച്ചു. ദീപാവലിക്ക് രണ്ടു ദിവസം മുൻപ് ധന്തേരസ് രാത്രിയിലാണ് ഈ സംഭവം നടന്നത്.
ഹരിയാനയിലെ ഹിസാർ സ്വദേശിയായ പരംജീത് ധങ്കർ ആണ് കൊല്ലപ്പെട്ടത്. സിംഗപ്പൂരിലെ ഒരു വലിയ കമ്പനിയിൽ ജോലി ചെയ്തുവന്നിരുന്ന അദ്ദേഹം, നവംബർ 24ന് നിശ്ചയിച്ചിരുന്ന സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ഫരീദാബാദ് സെക്ടർ 21Cലെ വീടിന്റെ ഒന്നാം നിലയിലാണ് അദ്ദേഹം ഭാര്യക്കും മകനും മകൾക്കുമൊപ്പം താമസിച്ചിരുന്നത്.
ജിമ്മിൽ നിന്നും രാത്രി എട്ടു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന മോഹൻ എന്ന മോനു ശർമ്മയുമായി വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായത്. തർക്കം രൂക്ഷമായതോടെ പ്രതി ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് പരംജീതിനു നേരെ 15 മുതൽ 16 തവണ വെടിയുതിർത്തു. ഇതിൽ 8 മുതൽ 9 വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പതിച്ചു.
ഈ രണ്ട് കുടുംബങ്ങളും തമ്മിൽ മുൻപും വഴക്കുകൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. അഞ്ച് ദിവസം മുൻപ് വളർത്തുനായ്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രതി പരംജീതിന്റെ മകനെ അസഭ്യം പറഞ്ഞിരുന്നു. വെടിവെയ്പ്പിന് ശേഷം പ്രതി കുടുംബത്തോടൊപ്പം ഒളിവിൽ പോവുകയും ചെയ്തു.
സംഭവമറിഞ്ഞ് പൊലീസും ക്രൈംബ്രാഞ്ചും ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഒഴിഞ്ഞ കാട്രിഡ്ജുകൾ കണ്ടെടുക്കുകയും ചെയ്തു. പരംജീതിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇഎസ്‌ഐസി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും, ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.


