സി.പി.എം നേതാവിനും കുടുംബത്തിനും നേരെ വധശ്രമം; ഒരാൾ പിടിയിൽ
text_fieldsപ്രതി മുഹമ്മദ് യാസിൻ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വീണ്ടും ഗുണ്ടാസംഘത്തിന്റെ തേർവാഴ്ച.സി.പി.എം കുലശേഖരപുരം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായ സിയാദ് അടക്കം മൂന്ന് പേർക്ക് തലക്ക് വെട്ടേറ്റു. സിയാദ് (29), സഹോദരൻ ഷംനാദ് (31), ആക്രമണം തടയാൻ ശ്രമിച്ച പിതാവ് കുഞ്ഞുമോൻ (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സംഭവത്തിൽ പ്രതിയായ കുലശേഖരപുരം കടത്തൂർ സിയ മൻസിലിൽ മുഹമ്മദ് യാസീനെ (25) കരുനാഗപ്പള്ളി എസ്.എച്ച് .ഒ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കഴിഞ്ഞദിവസം പുത്തൻതെരുവിന് സമീപം ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പുതിയകാവ് പാലത്തിൻകട ജങ്ഷന് സമീപം ഒരു വീട്ടിൽ അതിക്രമിച്ചുകയറി വടിവാൾ കൊണ്ട് യുവാവിനെ തലക്ക് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കുടുംബത്തിനെതിരായ അക്രമമെന്നാണ് നിഗമനം.
യുവാവിനെ ആക്രമിക്കാൻ വന്ന പ്രതികൾ ഞായറാഴ്ച പുലർച്ചെ വീടിനുമുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് കണ്ട് ഇറങ്ങിവന്ന സിയാദിനും കുടുംബത്തിനും നേരെയാണ് സംഘം ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം ഒളിവിൽപോയ കൂട്ടുപ്രതിക്കായി അന്വേഷണം നടത്തുകയാണെന്നും ഉടൻ പിടിയിലാകുമെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളിയിൽ കുറച്ചുകാലത്തിനുശേഷം ഗുണ്ടാ വിളയാട്ടം വീണ്ടും ശക്തമാകുകയാണ്. ഇരുചക്രവാഹനങ്ങളിൽ സംഘടിച്ചെത്തുന്ന ആക്രമി സംഘങ്ങൾ പ്രദേശങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അക്രമം അഴിച്ചുവിടുകയാണ്. ഇതിൽ ഏറെയും നിരവധി ക്രിമിനൽ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. അക്രമി സംഘം മാരക ലഹരി വസ്തുക്കൾ ഉപയോഗിച്ചശേഷം മാരകായുധങ്ങളുമായി രാത്രികാലങ്ങളിൽ തെരുവുകൾ കൈയടക്കുകയാണ്.