ഓപറേഷൻ ഡി ഹണ്ട്; റൂറൽ ജില്ലയിൽ 144 കേസ്
text_fieldsആലുവ: മയക്കുമരുന്നിനെതിരെ സംസ്ഥാന വ്യാപകമായി നടപ്പാക്കിയ ‘ഓപറേഷൻ ഡി ഹണ്ടി’ൽ റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 144 കേസ്.
145 പേർക്കെതിരെ നടപടിയെടുത്തു. 700 ഗ്രാമോളം കഞ്ചാവ് പിടികൂടി. അര ഗ്രാം എം.ഡി.എം.എയും, ഏഴ് ഗ്രാമോളം ഹെറോയിനും കണ്ടെടുത്തു. അഞ്ച് സബ്ഡിവിഷനുകളിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക സ്ക്വാഡായി തിരിഞ്ഞായിരുന്നു ഒരാഴ്ച നീണ്ട പരിശോധന. മയക്കുമരുന്നുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവരും കസ്റ്റഡിയിലായി. നിരവധിയിടങ്ങളിൽ പരിശോധന നടന്നു. പെരുമ്പാവൂരിൽ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന ഒഡിഷ സ്വദേശി സമർകുമാർ ത്രിപതിയെ അറസ്റ്റ് ചെയ്തിരുന്നു.
ഒഡിഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളിലാക്കി 500 രൂപക്കായിരുന്നു വിൽപന. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ 18കാരനെയും കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി പേർ നിരീക്ഷണത്തിലാണ്.
എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം നടത്തിയ റെയ്ഡിന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നേതൃത്വം നൽകി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.