പരാതി നൽകിയ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ
text_fieldsപ്രശോഭ്
കരുനാഗപ്പള്ളി : മർദനം സഹിക്കാനാകാതെ പൊലീസിൽ പരാതി നൽകിയ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.സാരമായി പരിക്കേറ്റ വീട്ടമ്മയെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി, കോഴിക്കോട് കണ്ണമ്പള്ളി ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. പന്മന ആദർശ് ഭവനിൽ നിന്നും കരുനാഗപ്പള്ളി കോഴിക്കോട് താൽക്കാലിക താമസക്കാരിയായ ചിഞ്ചു എന്ന സീനക്കാണ് (35) കത്തികൊണ്ടുള്ള കുത്തേറ്റത്.
ഇവരുടെ ഭർത്താവ് പൊന്മന കുറ്റിയിൽ തെക്കതിൽ ബാലു എന്ന പ്രശോഭിനെ(43) സംഭവ സ്ഥലത്തുനിന്നു കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി.ബിജുവിന്‍റെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. സ്ഥിരമായി മദ്യപിച്ചെത്തി തന്നെ മർദിക്കുന്നു എന്ന ഭാര്യയുടെ പരാതിയെ തുടർന്ന് ചവറ പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് പ്രശോഭിനെ അറിയിച്ചിരുന്നു.
തനിക്കെതിരെ പരാതി കൊടുത്തതിലുള്ള വൈരാഗ്യം തീർക്കാൻ, ഭാര്യ സ്റ്റേഷനിൽ നിന്ന് മടങ്ങിവരവെ ജങ്ഷനിൽ കാത്തുനിന്ന് ഇയാൾ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ആക്രമണം തടയുന്നതിനിടെ യുവതിയുടെ കൈമുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


