യുവാവിനെ മർദിച്ച പൊലീസ് ഡ്രൈവർക്ക് സസ്പെൻഷൻ
text_fieldsപോത്തൻകോട്: എസ്.ഐയുടെ മകനെ മർദിച്ച കേസിൽ പ്രതിയായ പൊലീസ് ഡ്രൈവറെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഠിനംകുളം സ്റ്റേഷനിലെ ഡ്രൈവർ എസ്.ആർ. സുജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്.
വലിയതുറ സ്റ്റേഷനിലെ എസ്.ഐയും മഞ്ഞമല സ്വദേശിയുമായ ഉറൂബിന്റെ മകൻ ഫെർണാസിനെയാണ് കഠിനംകുളം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന സുജിത്തും നാലുപേരും ചേർന്ന് ക്രൂരമായി മർദിച്ചത്. ഫെബ്രുവരി 23ന് രാത്രി പത്തരയോടെയാണ് സംഭവം. സുജിത്തിന്റെ ബൈക്കിനെ ഓവർടേക്ക് ചെയ്തെന്നാരോപിച്ചായിരുന്നു മർദനം. വാക്കുതർക്കത്തിനിടെ, പൊലീസ് ഡ്രൈവറായ സുജിത്ത് കൈയിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ഫെർണാസിന്റെ മുഖത്തടിച്ചു. അടിയിൽ രണ്ടു പല്ലുകൾ ഇളകിപ്പോയി. ശരീരത്തിനും തലക്കും പരിക്കേറ്റു.
പരിക്കേറ്റ ഫെർണാസ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. പോത്തൻകോട് പൊലീസ് സുജിത്തിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് അഞ്ചുപേർക്കെതിരെ കേസെടുത്തു.