വീട്ടുവളപ്പിലെ മരമോഷണം; കേസെടുത്ത് പൊലീസ്
text_fieldsപ്രതീകാത്മക ചിത്രം
നീലേശ്വരം:പരപ്പ വട്ടിപ്പുന്ന റോഡരികിൽ ബെന്നിയുടെ വീട്ടുവളപ്പിൽ നിന്ന് മരങ്ങൾ മോഷ്ടിച്ചു. ഒരു ലക്ഷംരൂപ വിലവരുന്ന മരങ്ങളാണ് മുറിച്ചു നീക്കിയത്. അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് അറ്റോണിയാണ് ബെന്നി.
യു.എസിൽനിന്ന് സ്ഥലമുടമ ബെന്നി എബ്രഹാം ജില്ല പൊലീസ് മേധാവിക്കയച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പ സ്വദേശി തുമ്പി എന്ന ജോൺസൺ കൊക്കുന്നേലിനും കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. നവംബർ 16ന് വൈകിട്ട് ഏഴുമണിയോടെയാണ് മൂന്നംഗസംഘം വളപ്പിൽ കയറി മരംവെട്ടിയത്. അടുത്ത ദിവസം പകൽനേരത്ത് വന്ന് മരം കഷണങ്ങളാക്കി കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തി.
സ്ഥലം ഉടമ അമേരിക്കയിലാണെണന്നറിഞ്ഞ സംഘം സ്വന്തം ഭൂമിയിലെന്ന പോലെ പകൽവെളിച്ചത്തിൽ മരം മുറിച്ചുവീഴ്ത്തുകയായിരുന്നു. മോഷണം നേരിൽ കാണാനിടയായ ചിലർ ബെന്നിയെ വിളിച്ച് അറിയിച്ചു.
ബെന്നി വെള്ളരിക്കുണ്ട് പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി സ്ഥലം വളഞ്ഞതോടെ മുറിച്ചിട്ട മരം ഉപേക്ഷിച്ച് സംഘം സ്ഥലം വിടുകയായിരുന്നു. ബെന്നിയുടെ സഹോദരൻ ജോയി എബ്രഹാം വെള്ളരിക്കുണ്ട് പൊലീസിലും പരാതി നൽകി. ദുർബലമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്ന ആക്ഷേപവുമുണ്ട്.


