കുറുവ സംഘത്തെ തേടിപ്പോയ പൊലീസ് കുടുക്കിയത് രണ്ട് പിടികിട്ടാപുള്ളികളെ
text_fieldsപിടിയിലായ പ്രതികൾ
മണ്ണഞ്ചേരി: കുറുവ സംഘത്തെ അന്വേഷിച്ച് ഇറങ്ങിയ മണ്ണഞ്ചേരി പൊലീസ് കുടുക്കിയത് രണ്ട് പിടികിട്ടാപുള്ളികളെ. കമ്പം അൻകൂർ പാളയം രാമലിംഗം വാർഡ് 30ൽ ആർ. കുറുപ്പയ്യ, സഹോദരൻ ആർ. നാഗയ്യൻ എന്നിവരാണ് കസ്റ്റിഡിയിലായത്.
രണ്ട് മാസം മുമ്പ് മണ്ണഞ്ചേരിയിൽ കുറുവ സംഘം നടത്തിയ മോഷണങ്ങളുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പൊലീസ് നടത്തിയ തിരച്ചിലിലാണ് തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപ്പുള്ളികളായ ഇവർ ഇടുക്കിയിൽ നിന്ന് പിടിയിലായത്. തേനിയിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഇവർ ഇടുക്കിയിൽ മറ്റു പേരുകളിൽ താമസിക്കുകയായിരുന്നു.
പത്ത് വർഷം മുമ്പ് കായംകുളം, പുന്നപ്ര സ്റ്റേഷനുകളിൽ ഇവർ പ്രതികളായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണ്ണഞ്ചേരിയിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് കുറുവ സംഘത്തിലെ പ്രധാനി സന്തോഷ് ശെൽവനെ നേരത്തെ പിടിയിലായിരുന്നു. ഇയാളോടൊപ്പമുള്ള കൂട്ടുപ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന്റെ ഭാഗമായി എസ്.ഐ കെ.ആർ.
ബിജുവിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലും കേരളത്തിലുമായി വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇവരെ ഇടുക്കിയിൽ കണ്ടെത്തിയത്. ഇവർക്ക് മണ്ണഞ്ചേരിയിലെ കേസുകളുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.