Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅന്ന് സ്വാഭാവിക മരണം,...

അന്ന് സ്വാഭാവിക മരണം, ഇന്ന് കൊലപാതകം: അച്ഛനെ കൊന്ന പൊലീസുകാരിയായ മകൾ കുടുങ്ങിയത് മൂന്ന് വർഷത്തിന് ശേഷം

text_fields
bookmark_border
അന്ന് സ്വാഭാവിക മരണം, ഇന്ന് കൊലപാതകം: അച്ഛനെ കൊന്ന പൊലീസുകാരിയായ മകൾ കുടുങ്ങിയത് മൂന്ന് വർഷത്തിന് ശേഷം
cancel

മുംബൈ: 2023 ഏപ്രിൽ 25നാണ് മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥനായ 45 വയസ്സുകാരൻ ജയന്ത് ബൽവാർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിക്കുന്നത്. അന്ന് സ്വാഭാവിക മരണമെന്ന് കരുതി എഴുതിത്തള്ളിയ കേസ്, മൂന്ന് വർഷത്തിന് ശേഷം ഒരു കൊലപാതക കഥയായി പുറത്തുവന്നിരിക്കുകയാണ്. സ്വന്തം മകളും പൊലീസ് ഉദ്യോഗസ്ഥയുമായ ആര്യ ബൽവാർ ആണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

ആര്യയും ആശിഷ് ഷെഡ്‌മേക്കും തമ്മിലുള്ള പ്രണയത്തെ ജയന്ത് ബൽവാർ എതിർത്തിരുന്നു. ഈ തടസ്സം നീക്കാനാണ് അവർ കൊലപാതകം ആസൂത്രണം ചെയ്തത്. വിഷം വാങ്ങാനായി ആര്യ തന്റെ കസിൻ ചൈതന്യ ഗെഡാമിന് 5,000 രൂപ നൽകി. നാലാമതൊരാളാണ് വിഷം എത്തിച്ചുനൽകിയത്. സംഭവദിവസം രാവിലെ ആര്യ അച്ഛന് നൽകിയ മിൽക് ഷെയ്ക്കിൽ വിഷം കലർത്തി. ഓഫീസിലെത്തിയ ഉടനെ അദ്ദേഹം കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്തു. അന്ന് പോസ്റ്റ്‌മോർട്ടം നടത്താതിരുന്നതിനാൽ ആരും സംശയിച്ചില്ല.

ജയന്ത് ബല്ലവാർ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നിട്ടും, അദ്ദേഹം ഓഫീസിൽ വെച്ച് കുഴഞ്ഞുവീണപ്പോൾ അത് പെട്ടെന്നുണ്ടായ അസുഖമാണെന്ന് എല്ലാവരും വിശ്വസിച്ചു. കുടുംബാംഗങ്ങൾ ആരും സംശയം പ്രകടിപ്പിക്കാത്തതിനാൽ അന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ വിട്ടുനൽകുകയായിരുന്നു. ജയന്തിന്റെ മരണശേഷം ആര്യയും ആശിഷും വിവാഹിതരായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന് ആശിഷിനെ പൊലീസ് പരിശീലനത്തിൽ നിന്ന് പുറത്താക്കി. ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതിനെത്തുടർന്ന് ആര്യ സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച ആശിഷ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കുറ്റം സമ്മതിച്ചതോടെയാണ് മൂന്ന് വർഷം മറഞ്ഞുകിടന്ന കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഭാര്യയാണ് അച്ഛനെ കൊന്നതെന്നും താനുൾപ്പെടെയുള്ളവർ അതിൽ പങ്കാളികളാണെന്നും അയാൾ മൊഴി നൽകി.

ആര്യ ബല്ലവാർ (മകൾ), ആശിഷ് ഷെഡ്‌മേക് (ഭർത്താവ്), ചൈതന്യ ഗെഡാം (കസിൻ) വിഷം വിതരണം ചെയ്ത നാലാമൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. മൂന്ന് വർഷം മുമ്പ് നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക എന്നത് പൊലീസിന് വെല്ലുവിളിയാണ്. പ്രതികളുടെ ഫോൺ രേഖകൾ, സാമ്പത്തിക ഇടപാടുകൾ, വിഷം വാങ്ങിയതുമായി ബന്ധപ്പെട്ട മൊഴികൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്.

Show Full Article
TAGS:Crime News Murder Case Policewoman maharashtra police 
News Summary - Policewoman Poisoned Cop Father's Milkshake. 3 Years Later, She Is Busted
Next Story