എങ്ങനെ കഴിക്കും ഈ മീൻ?, മത്സ്യ സാമ്പിളിൽ രാസവസ്തു സാന്നിധ്യം, നല്ല മത്സ്യം തിരിച്ചറിയാം
text_fields‘ഓപറേഷൻ സാഗർ റാണി’യുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ മത്സ്യവിൽപനശാല പരിശോധിക്കുന്നു
തൊടുപുഴ: മീനിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് 'ഓപറേഷൻ സാഗർ റാണി' പേരിൽ നടത്തുന്ന യജ്ഞത്തിന്‍റെ ഭാഗമായി ജില്ലയിലെ മത്സ്യ വിൽപനശാലകൾ കേന്ദ്രീകരിച്ച് ഊർജിത പരിശോധന. തൊടുപുഴ, ചെറുതോണി, കുമളി, അണക്കര, തൂക്കുപാലം പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 64 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇതോടെ, നാല് ദിവസത്തിനകം ജില്ലയിൽ പിടികൂടി നശിപ്പിക്കുന്ന പഴകിയ മത്സ്യത്തിന്‍റെ അളവ് 87 കിലോയായി.
ഭക്ഷ്യയോഗ്യമല്ലാത്ത കേര, നത്തോലി, വിളമീന്‍, കൊഴുവ തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഫോര്‍മലിന്‍, അമോണിയ ടെസ്റ്റ്കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന. സംശയാസ്പദമായി തോന്നിയ 11 മത്സ്യസാമ്പിള്‍ കാക്കനാട് റീജനല്‍ അനലെറ്റിക്കല്‍ ലാബില്‍ വിശദ പരിശോധനക്ക് നല്‍കി. കഴിഞ്ഞ ദിവസങ്ങളിൽ ലാബില്‍ പരിശോധനക്ക് അയച്ച 15 സാമ്പിളുകളുടെ ഫലം വന്നതില്‍ ഒന്നിലും രാസവസ്തു സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. തൂക്കുപാലത്തുനിന്ന് 22 കിലോയും മറ്റിടങ്ങളിൽനിന്ന് 42 കിലോയും പഴകിയ മത്സ്യമാണ് കഴിഞ്ഞ രണ്ട് ദിവസത്തെ പരിശോധനയിൽ പിടികൂടി നശിപ്പിച്ചത്. തൂക്കുപാലത്തുനിന്ന് രണ്ടും മറ്റിടങ്ങളിൽനിന്ന് ഒമ്പതും സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. പരിശോധനാഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികളുണ്ടാകുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. മത്സ്യവ്യാപാരികള്‍ മീനില്‍ 1:1 എന്ന അനുപാതത്തില്‍ ഐസ് ചേർക്കണമെന്നാണ് വ്യവസ്ഥ. ശരിയായ രീതിയില്‍ ഐസ് ഇടാത്തതാണ് മീന്‍ പെട്ടെന്ന് ഭക്ഷ്യയോഗ്യമല്ലാതാകാൻ കാരണം.
മൂവാറ്റുപുഴ, പെരുമ്പാവൂർ, മുനമ്പം എന്നിവിടങ്ങളിലെ മൊത്തക്കച്ചവട സ്ഥാപനങ്ങളിൽനിന്ന് ജില്ലയിലെ വിവിധ വിൽപനശാലകളിൽ എത്തിച്ച മത്സ്യത്തിനാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച തൊടുപുഴ മേഖലയിലെ സ്റ്റാളുകളിൽനിന്ന് 23 കിലോ പഴകിയ കൊഴുവ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. നെടുങ്കണ്ടത്ത് കഴിഞ്ഞ ദിവസങ്ങളിൽ മീൻ കഴിച്ച പൂച്ചകൾ ചാകുകയും കറി കഴിച്ചവർക്ക് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലയിൽ പരിശോധന ഊർജിതമാക്കിയത്.
പരിശോധനകൾക്ക് തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എൻ. ഷംസിയ, പീരുമേട് ഭക്ഷ്യസുരക്ഷ ഓഫിസര്‍ എസ്. പ്രശാന്ത്, ഉടുമ്പൻചോല ഭക്ഷ്യസുരക്ഷ ഓഫിസർ ആൻമേരി ജോൺസൺ എന്നിവര്‍ നേതൃത്വം നല്‍കി.
നല്ല മത്സ്യം തിരിച്ചറിയാം
മത്സ്യത്തിന്‍റെ ഗുണനിലവാരം താഴെ പറയുന്ന
കാര്യങ്ങൾ വിലയിരുത്തി തിരിച്ചറിയാം
•ശരീരത്തില്‍ സ്വാഭാവിക തിളക്കം
• മത്സ്യത്തിന് ദുര്‍ഗന്ധമോ രാസഗന്ധമോ ഉണ്ടാകില്ല
• തൊട്ടുനോക്കുമ്പോള്‍ മാംസത്തിന് കട്ടിയും ഉറപ്പും. മീനില്‍ തൊടുന്ന ഭാഗം കുഴിയില്ല
• കണ്ണുകൾ തിളക്കമുള്ളതും ഒരുവിധ നിറവ്യത്യാസവും ഇല്ലാത്തതുമായിരിക്കും
• മങ്ങിയതും കലങ്ങിയതുമായ കണ്ണുകള്‍ അഴുകിയ മത്സ്യത്തിന്‍റെ ലക്ഷണമാണ്
• ഗുണനിലവാരമുള്ള മത്സ്യത്തിന്‍റെ ചെകിളപ്പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമായിരിക്കും
മൂന്ന് മത്സ്യ സാമ്പിളിൽ രാസവസ്തു സാന്നിധ്യം
നെടുങ്കണ്ടം: പട്ടം കോളനി മേഖലയില്‍നിന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനക്കയച്ച മൂന്ന് മത്സ്യസാമ്പിളുകളിൽ രാസവസ്തു സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞയാഴ്ച വിൽപനശാലകളിൽനിന്ന് ശേഖരിച്ച് ലാബിലേക്ക് പരിശോധനക്കയച്ച എട്ട് സാമ്പിളുകളില്‍ മൂന്നെണ്ണത്തിലാണ് രാസവസ്തുക്കൾ കണ്ടെത്തിയത്. ഈമാസം 15ന് ഫിഷറീസ് എക്‌സ്റ്റന്‍ഷണ്‍ ഓഫിസര്‍ ബി. നൗഷാദ്, ഭക്ഷ്യസുരക്ഷ ഓഫിസര്‍ ആന്‍മേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തില്‍ പട്ടംകോളനി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചത്. പരിശോധനയില്‍ 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
നെടുങ്കണ്ടം, മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാര്‍, കമ്പംമെട്ട്, പുറ്റടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. കഴിഞ്ഞദിവസം മത്സ്യവിഷബാധയേറ്റ തൂക്കുപാലം വല്യാറചിറയില്‍ പുഷ്പവല്ലി (59) ആശുപത്രിയില്‍ ചികിത്സയിലാണ്. ഗ്രാമീണ വഴികളിലൂടെയും മറ്റും വാഹനങ്ങളില്‍ മത്സ്യവുമായെത്തുന്നവരുടെ വിവരങ്ങളും മറ്റും ഉപഭോക്താക്കള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്ന് ഭക്ഷ്യസുരക്ഷ അധികൃതർ അറിയിച്ചു.