സഹപ്രവർത്തകയെ കൊന്ന കേസ്: രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് ജീവപര്യന്ത്യം
text_fieldsമുംബൈ: സഹപ്രവർത്തകയെ കൊന്ന കേസിൽ, രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് മഹാരാഷ്ട്രയിലെ പനവേൽ സെഷൻസ് കോടതി ജീവപര്യന്ത്യം ജയിൽശിക്ഷ വിധിച്ചു. 2016ൽ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടറായ അശ്വിനി ബിദ്രേഗോറിനെ കൊലപ്പെടുത്തിയതിന് മുൻ ഇൻസ്പെക്ടറായ അഭയ് കുരുന്ദ്കറിനാണ് ജയിൽ ശിക്ഷ. പ്രതിയുടെ ക്രൂരകൃത്യം അംഗീകരിക്കാനാകുന്നതല്ലെന്നും എന്നാൽ പ്രായവും സ്വയം തിരുത്തി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയും കണക്കിലെടുത്ത് വധശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
“കൊലപാതകത്തിനു ശേഷം മൃതദേഹം വെട്ടിനുറുക്കിയതും കുഴിച്ചുമൂടിയതും ക്രൂരമായ ചെയ്തിയാണ്. എന്നാൽ ഇത് അപൂർവങ്ങളിൽ അപൂർവമെന്ന് പറയാനാകില്ല. പ്രതിയുടെ പ്രായവും സ്വയം തിരുത്തി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയും കണക്കിലെടുക്കണം. ഒരു കുടുംബനാഥൻ കൂടിയാണ് പ്രതി. ഭാര്യയെ മഹാമാരിയിൽ നഷ്ടപ്പെട്ടു. അവിവാഹിതനായ മകനുള്ളതിനാൽ തിരിച്ചുവരവിനുള്ള സാധ്യയുണ്ട്. അതിനാൽ ജീവപര്യന്തം ജയിൽശിക്ഷ വിധിക്കുന്നു” -വിധിപ്രസ്താവത്തിൽ ജഡ്ജി കെ.ആർ. പൽദിവാർ പറഞ്ഞു.
കൊല്ലപ്പെട്ട അശ്വിനി 2005ൽ വിവാഹിതയായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്. നവി മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥയായി എത്തുകയും താമസം മാറുകയും ചെയ്തതോടെ അശ്വിനി ഭർത്താവുമായി അകലുകയും കുരുന്ദ്കറുമായി അടുപ്പത്തിലാകുകയും ചെയ്തു. പിന്നീട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കുരുന്ദ്കറിനെ അശ്വിനി സമീപിച്ചതോടെ ഇരുവർക്കുമിടയിൽ തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മൃതദേഹം വെട്ടിനുറുക്കി നദിയിലുപേക്ഷിച്ചു.
2016 ഏപ്രിലിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുരുന്ദ്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുരുന്ദ്കറിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചത് 2017ലാണ് ഇതേ വർഷം തന്നെ അറസ്റ്റിലാകുകയും ചെയ്തു. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന കുരുന്ദ്കറിന്റെ സുഹൃത്ത് മഹേഷ് ഫലാനികർ, ഡ്രൈവർ കുന്ദൻ ഭണ്ഡാരി എന്നിവർ 2018 മുതൽ ജയിലിലാണ്.