റെയിൽവേ സ്റ്റേഷൻ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് മാല കവർന്നു
text_fieldsമംഗലപുരം: അർധരാത്രിയിൽ ഡ്യുട്ടിയിലായിരുന്ന റെയിൽവേ സ്റ്റേഷൻ ജീവനക്കാരിയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കഴുത്തിലെ മാല കവർന്നു. മുരുക്കുംപുഴ റെയിൽവെസ്റ്റേഷനിലെ റെയിൽവേ പോയിൻറ്സ്മാനായ ജലജകുമാരി ( 45 )യെയാണ് ആക്രമിച്ച് സ്വർണ്ണം കവർന്നത്.
ചൊവാഴ്ച രാത്രി 11.30നാണ് സംഭവം. ഈ സമയം കടന്നുപോയ ഗുരുവായൂർ എക്സ്പ്രസിന് ഫ്‌ളാഗ് കാണിക്കുന്നതിനിടെയായിരുന്നു ആക്രമണം. റെയിവേ സ്റ്റേഷന് എതിർവശത്ത് നിന്ന് ട്രെയിനിന് കൊടി കാണിക്കുന്നതിനിടയിൽ പിന്നിലൂടെ വന്ന അക്രമി വെട്ടുകത്തി വീശി കഴുത്തിലെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടഞ്ഞ ജലജകുമാരിയെ അക്രമി വെട്ടുകയും പ്ലാറ്റ്ഫോമിൽ നിന്നും പാളത്തിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താനും ശ്രമിച്ചു.
റെയിവേ ട്രാക്കിലേക്ക് മറിഞ്ഞുവീണ യുവതി ചാടി എഴുന്നേൽക്കുന്നതിനിടയിൽ മോഷ്ടാവ് ഇരുളിലേക്ക് രക്ഷപ്പെടുകയായിരുന്നു. പൊട്ടിയ മാലയുടെ ചെറിയൊരു ഭാഗം സംഭവ സ്ഥലത്ത് നിന്ന് കിട്ടി. ട്രാക്കിലേക്ക് വീണ യുവതിയുടെ കൈ ഒടിയുകയും പാലത്തിൽ ഇടിച്ച് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ പേട്ട റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിൻ കടന്നുപോകുന്ന സമയത്തായതിനാൽ എതിർ വശത്തു നിന്ന സ്റ്റേഷൻമാസ്റ്ററും സംഭവം കണ്ടില്ല. ഇരുട്ടിൽ പതിഞ്ഞിരുന്ന് ട്രെയിൻ കടന്നുപോയ സമയത്തായതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവിടെ മുമ്പും ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടായതിനെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് ഉൾപ്പെടെ സി.സി.ടി.വി. കാമറകൾ സ്ഥാപിച്ചിരുന്നു. മംഗലപുരം പൊലീസും ആർ.പി.എഫും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.