റിട്ട. അധ്യാപികയുടെ വീട്ടിലെ കവർച്ച: ജോലിക്കാരി അറസ്റ്റിൽ
text_fieldsഅശ്വതി
പൊന്നാനി: പൊന്നാനിയിൽ റിട്ട. അധ്യാപികയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. പൊന്നാനി പള്ളപ്രം കക്കൂങ്ങൽ അശ്വതി (38) യെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊന്നാനി വിജയമാതാ കോൺവെൻറ് സ്കൂളിന് സമീപം താമസിക്കുന്ന വയോധികരായ മിലിട്ടറി ഉദ്യോഗസ്ഥനും ഭാര്യ റിട്ട. അധ്യാപികയും താമസിക്കുന്ന വീട്ടിൽനിന്ന് ഒരു വർഷത്തിനിടെ 17 പവൻ സ്വർണാഭരണങ്ങളും വിലയേറിയ മദ്യ കുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടു ജോലിക്കാരി പിടിയിലായത്.
ഒരു വർഷം മുമ്പ് വീട്ടിൽനിന്ന് ഏഴര പവൻ വിലവരുന്ന സ്വർണാഭരണം നഷ്ടമായിരുന്നു. ആശുപത്രിയിൽ ചികിത്സക്കായി പോയ സമയത്ത് സ്വർണാഭരണം നഷ്ടമായെന്നാണ് വീട്ടുകാർ കരുതിയത്. മാസങ്ങൾക്ക് ശേഷം അലമാരയിൽ സൂക്ഷിപ്പിരുന്ന സ്വർണാഭരണവും നഷ്ടമായതോടെയാണ് വീട്ടുജോലിക്കാരിയെപ്പറ്റി സംശയമുയർന്നത്.
പ്രതിയുടെ വീട് റെയ്ഡ് ചെയ്തതിൽ മോഷണം പോയ മദ്യക്കുപ്പി കണ്ടെടുത്തു. ഇത് കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ തെളിവുകൾ വെച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം പലപ്പോഴായി പണയം വെക്കുകയും വിൽക്കുകയും ചെയ്തതായി അശ്വതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പൊന്നാനി പൊലീസ് ഇൻസ്പെക്ടർ എസ്. അഷ്റഫ്, എസ്.ഐമാരായ സി.വി. ബിബിൻ, ആന്റോ ഫ്രാൻസിസ്, എ.എസ്.ഐ എലിസബത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അന്വേഷിച്ച് കണ്ടെത്തിയത്.


