പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതിയും പിടിയിൽ
text_fieldsലാൽ ചാൻഷേഖ്
ഫറോക്ക്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിൽപന നടത്തിയ കേസിൽ രണ്ടാം പ്രതിയും പൊലീസ് പിടിയിലായി. അസം ബാർപെട്ട സ്വദേശി ലാൽചാൻ ഷേഖ് (54)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെയും കർണാടക പൊലീസിന്റെയും സഹായത്തോടെ ചിക്കമംഗളൂരുവിൽനിന്നാണ് പിടികൂടിയത്.
ഇയാളുടെ മകനായ ഒന്നാം പ്രതി നസീദുൽ ഷേഖ് (21) നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സമയത്ത് വെസ്റ്റ് ബംഗാൾ സ്വദേശിയായ 15 കാരിയെ 2023 ഒക്ടോബറിൽ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി ഹരിയാനയിലുള്ള ലാൽചാൻ ഷേഖിന് കൈമാറുകയായിരുന്നു.
ഇയാൾ കാൽ ലക്ഷം രൂപക്ക് ഹരിയാന സ്വദേശിയായ മൂന്നാംപ്രതി സുശീൽ കുമാറിന് (35) വിൽക്കുകയായിരുന്നു. നസീദുൽ ഷേഖ്, സുശീൽകുമാർ എന്നിവർ നേരത്തേ അറസ്റ്റിലായിട്ടുണ്ട്.
നല്ലളം പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ വർഷം മേയിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയായതിനാൽ മൊഴി രേഖപ്പെടുത്തി പോക്സോ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങൾക്കാണ് കേസെടുത്തത്.