കോടികളുമായി സെക്രട്ടറി മുങ്ങി; തലശ്ശേരി വ്യാപാരി വ്യവസായി സഹകരണ സംഘം പൂട്ടി
text_fieldsതലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയര്‍ സഹകരണ സംഘം അടച്ചിട്ട നിലയിൽ
തലശ്ശേരി: വ്യാപാരികളുടെ സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട്. കോടികൾ കൈക്കലാക്കി സെക്രട്ടറി മുങ്ങിയതായി പരാതി. ഒ.വി റോഡില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയര്‍ സഹകരണ സംഘത്തിനെതിരെയാണ് ആരോപണം.
സംഭവം പുറത്തായതോടെ സംഘത്തിന്റെ ഓഫിസ് കഴിഞ്ഞ മൂന്ന് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്. സെക്രട്ടറി ജ്യോതിഷിനെതിരെ സഹകരണസംഘം ഭാരവാഹികള്‍ അസി. രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. സെക്രട്ടറി മുങ്ങിയതോടെ സംഘത്തില്‍ നിക്ഷേപം നടത്തിയ വ്യാപാരികളും പൊതുജനങ്ങളും ആശങ്കയിലാണ്. നിരവധിപേര്‍ ലക്ഷക്കണക്കിന് രൂപ സംഘത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. നിക്ഷേപ തുകയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് പലരും സംഘവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫിസ് അടഞ്ഞുകിടക്കുന്നതിനാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിക്ക് കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
അതേസമയം, സഹകരണ സംഘം ഭാരവാഹികള്‍ സംഭവത്തില്‍ നിന്ന് അകലം പാലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘത്തിന്റെ ഔദ്യോഗിക അറിവോ അനുമതിയോ ഇല്ലാതെ സെക്രട്ടറി സ്വന്തം നിലക്ക് വിവിധ വ്യക്തികളില്‍ നിന്ന് ആറര ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചെന്നാണ് വ്യാപാരി പ്രതിനിധികള്‍ വിശദീകരിക്കുന്നത്. ഈ തുകകളാണ് ഇപ്പോള്‍ തിരികെ ലഭിക്കാത്തതെന്നും അവര്‍ പറയുന്നു. സെക്രട്ടറി സ്വീകരിച്ച നിക്ഷേപങ്ങളുടെ കൃത്യമായ കണക്കോ, എത്ര പേരില്‍ നിന്നാണ് പണം സമാഹരിച്ചതെന്ന വിവരമോ ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി മുന്നോട്ട് വന്നാൽ മാത്രമേ തട്ടിപ്പിന്റെ യഥാര്‍ഥ വ്യാപ്തി വ്യക്തമാകുയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു.
സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കും
തലശ്ശേരി: വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക വെട്ടിപ്പിൽ സെക്രട്ടറി ജ്യോതിഷിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് പ്രസിഡന്റ് യു.വി. ഖാലിദ് 'മാധ്യമ'ത്തോട് പറഞ്ഞു. 12 വർഷം മുമ്പാണ് സംഘം പ്രവർത്തനം തുടങ്ങിയത്.
പിഗ്മി, ഫിക്സ്ഡ് ഇനത്തിൽ നിരവധി നിക്ഷേപകർ സംഘത്തിൽ ചേർന്നിട്ടുണ്ട്. ഭരണസമിതിയുടെ അറിവോടെയല്ലാതെ സ്വന്തം നിലയിലും സെക്രട്ടറി ചില ആളുകളിൽ നിന്ന് നിക്ഷേപമായി വലിയ തുക സ്വീകരിച്ചിട്ടുണ്ട്. പണം തിരിച്ചുകിട്ടാതായപ്പോൾ നിക്ഷേപകർ സംഘത്തെ സമീപിച്ചപ്പോഴാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. പ്രസിഡന്റ് ഉൾപ്പെടെ എട്ട് ഡയറക്ടർമാർ ഉൾപ്പെടുന്നതാണ് സംഘത്തിന്റെ ഭരണസമിതി. സംഘത്തിൽ വ്യക്തിപരമായി പണം നിക്ഷേപിച്ചവർക്ക് അത് തിരിച്ചു നൽകാൻ സംഘം ബാധ്യസ്ഥരാണ്. എന്നാൽ, സെക്രട്ടറി സ്വന്തം നിലയിൽ വ്യക്തികളിൽ നിന്ന് സ്വീകരിച്ച പണം തിരിച്ചു നൽകാനാവില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.


