പ്രകൃതിവിരുദ്ധ ബന്ധം വിസമ്മതിച്ച യുവാവിനെ കൊന്നു കത്തിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സണ്ണി
കുന്നംകുളം: പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ വെട്ടിക്കൊന്ന് കത്തിച്ചു. ഇവിടെ താമസക്കാരനായ ചൊവ്വന്നൂർ സ്വദേശിയും തൃശൂരിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനുമായ ചെറുവത്തൂർ സണ്ണിയെ (64) പൊലീസ് അറസ്റ്റ് ചെയ്തു. മുൻപും സമാനമായ കൊലപാതകങ്ങൾ ചെയ്തതിന് ശിക്ഷിക്കപ്പെട്ടയളാണ് സണ്ണി. ഇതിൽ ഒരു കൊലക്കേസിൽ ശിക്ഷ അനുഭവിച്ച് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്.
മരിച്ചയാൾ അന്തർസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപം സെൻറ് മേരിസ് ക്വാട്ടേഴ്സിലെ അടച്ചിട്ട മുറിയിലാണ് ഞായറാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയത്. ചൊവ്വന്നൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാർട്ടേഴ്സ്.
2024 ആഗസ്റ്റ് മുതൽ ഇവിടെ സണ്ണിയാണ് താമസിക്കുന്നത്. പുറത്തുനിന്ന് പൂട്ടിയ മുറിയിൽനിന്ന് പുക വരുന്നത് കണ്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് പാതി കത്തിയ നിലയിൽ മൃതദേഹം കണ്ടത്. ഏകദേശം 35 വയസ്സ് തോന്നിക്കുന്നയാൾക്ക് താടിയുണ്ട്. ഇടത് കഴുത്തിന് സമീപം വെട്ടേറ്റ നിലയിൽ മുറിവുണ്ട്. മുറിക്കുള്ളിൽ ബലപ്രയോഗം നടന്ന ലക്ഷണങ്ങളുണ്ട്.
ശനിയാഴ്ച വൈകീട്ട് സണ്ണിയോടൊപ്പം മറ്റൊരു യുവാവ് മുറിയിലേക്ക് വരുന്നതിന്‍റെയും ഞായറാഴ്ച രാവിലെ ഏഴോടെ സണ്ണി വീട് പൂട്ടി പുറത്തുപോകുന്നതിന്‍റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തൃശൂർ നഗരത്തിൽ തന്നെ ഉണ്ടായിരുന്ന പ്രതിയെ പൊലീസ് കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും പോലീസിനോട് വിവരിച്ചു. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണം. കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.