കൊലപാതകശേഷം മൃതദേഹത്തിന്‍റെ ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു; അമേരിക്കയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത‍്യന്‍ ടെക്കി അറസ്റ്റിൽ
text_fieldsഅവിനാഷ്
വാഷിങ്ടൺ: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത‍്യന്‍ ടെക്കി അമേരിക്കയിൽ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ അവിനാഷ്(30) ആണ് അറസ്റ്റിലായത്. 2025 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. ബെല്ലെവ്യവിലുള്ള തന്‍റെ അപ്പാർട്ട്മെന്‍റിൽ വച്ച് ഭാര്യ രാജിത സബ്ബിനേനിയെ(27) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2025 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത‍്യയിലുള്ള കാമുകിയമായി വർഷങ്ങളായി അവിനാഷിന് ബന്ധമുണ്ടായിരുന്നു. ഇരുവരും ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
രാജിത ബാത്റൂമിൽ കയറി വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാഷാണ് പൊലീസിനെ വിളിച്ചത്. പിന്നാലെ പൊലീസെത്തി അകത്തുകയറിയപ്പോൾ രാജിത മരിച്ച നിലയിലായിരുന്നു. പുറത്തുനിന്നും മറ്റാരും വീട്ടിൽ കയറിയിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ വിവരം പുറംലോകമറിഞ്ഞത്. കൊലപാതകത്തിന് ശേഷം അവിനാഷ് മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുകൊടുത്തിരുന്നു. ഇത് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ അവിനാഷ് തയ്യാറാക്കി നൽകിയ സ്മൂത്തിയിൽ മരുന്നിന്റെ രുചിയും കയ്പുമുണ്ടെന്നും പറഞ്ഞ് രാജിത അയച്ച സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്.


