വനത്തിൽ തീയിട്ടു; യുവാക്കള്‍ക്കെതിരെ കേസെടുത്തു
text_fieldsഅടിക്കാടുകളും വീണുകിടന്ന മരങ്ങളും കത്തിയതിനെ തുടര്‍ന്ന് തീ അണക്കാനുള്ള ശ്രമം
കുളത്തൂപ്പുഴ: വനത്തിനുള്ളില്‍ അശ്രദ്ധമായി തീ കത്തിച്ചതിനെത്തുടർന്ന് അടിക്കാടുകളും തടികളും കത്തിനശിച്ചു.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് ചോഴിയക്കോട് മിൽപ്പാലം ഭാഗത്ത് ആറ്റിനോട് ചേർന്നുള്ള ഇടവനത്തിൽ തീപടർന്നത്. രാവിലെ പുറമെ നിന്നെത്തിയ ഏതാനും യുവാക്കൾ പുഴയിൽ കുളിക്കുകയും സമീപത്തിരുന്ന് ഭക്ഷണം പാചകംചെയ്തുകഴിക്കുകയും ചെയ്തിരുന്നു.
ആഘോഷങ്ങള്‍ക്കുശേഷം ശരിയായ രീതിയിൽ തീ കെടുത്താതെ ഇവര്‍ മടങ്ങുകയായിരുന്നത്രെ. പിന്നാലെ സമീപത്തെ അടിക്കാടുകള്‍ക്ക് തീപിടിക്കുകയും പുഴയോരത്ത് വീണുകിടന്നിരുന്ന വന്മരമടക്കം കത്തുകയും ചെയ്തു. ഏറെ നേരത്തിനുശേഷം വനത്തില്‍ തീപടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ വനം റേഞ്ച് ഓഫിസർ അരുൺ രാജേന്ദ്രന്റെ നേതൃത്വത്തില്‍ വനപാലകരും വനം വാച്ചർമാരും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ഏതാനും നാള് മുമ്പും സമാനസംഭവങ്ങൾ ഇവിടെ ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ കേസെടുത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.