എച്ച്.ഐ.വി ബാധിതനായ സഹോദരനെ സഹോദരി കൊലപ്പെടുത്തി; കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനാണെന്ന് വിചിത്ര മൊഴി
text_fieldsബംഗളൂരു: കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ എച്ച്.ഐ.വി ബാധിതനായ സഹോദരനെ സഹോദരി കൊലപ്പെടുത്തി. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഡുമ്മി ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. 23 വയസ്സ് പ്രായമുള്ള മല്ലികാർജ്ജുനാണ് സ്വന്തം സഹോദരിയുടെയും ഭർത്താവിന്റെയും ക്രൂരതക്ക് ഇരയായത്.
കൊലപാതകത്തിൽ സഹോദരി നിഷ, ഭർത്താവ് മഞ്ജുനാഥ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, മല്ലികാർജുന്റെ രക്ത പരിശോധനാഫലം എച്ച്.ഐ.വി പോസിറ്റീവ് ആയിരുന്നു. മെഡിക്കൽ ഫലം കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന് വിശ്വാസത്തിലാണ് നിഷയും ഭർത്താവ് മഞ്ജുനാഥും കൊലപാതകം നടത്തിയത്.
കൊല്ലപ്പെട്ട മല്ലികാർജുൻ മാതാപിതാക്കളുടെ കൂടെ ഡുമ്മി ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇടയ്ക്കിടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ജൂലൈ 23ന് സുഹൃത്തിന്റെ കാറുമായി വീട്ടിലേക്ക് വന്ന മല്ലികാർജുൻ, നിർത്തിയിട്ട ഒരു ട്രക്കിന്റെ പിൻവശത്ത് ഇടിക്കുകയും ഇയാൾക്കും സുഹൃത്തുകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ ചിത്രദുർഗയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കൂടുതൽ ചികിത്സക്കായി ദവനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മല്ലികാർജുനെ മാറ്റി. അവിടെ നിന്നും ശസ്ത്രകിയക്ക് മുന്നോടിയായി നടത്തിയ രക്ത പരിശോധനയിലാണ് ഇയാൾക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചത്. തുടർന്ന് നടന്ന ശസ്ത്രക്രിയയിൽ കാലിൽ നിന്നും അമിത രക്തസ്രാവം ഉണ്ടായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
ബംഗളൂരുവിലേക്ക് കൊണ്ടുപോകാം എന്ന് നിഷയാണ് ഡോക്ടർമാരോട് പറഞ്ഞത്. ഇതേ അഭിപ്രായം അച്ഛൻ നാഗരാജപ്പയും ഭർത്താവും ഡോക്ടർമാരെ അറിയിച്ചു. ജൂലൈ 25 ന് വൈകുന്നേരം, മല്ലികാർജുനെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുകയാണെന്ന് നിഷ തന്റെ പിതാവിനെ അറിയിച്ചു. എന്നാൽ യാത്രമധ്യേ മല്ലികാർജുൻ മരിച്ചെന്ന് പറഞ്ഞു മൃതദേഹവുമായി ഇവർ വീട്ടിലേക്ക് മടങ്ങി.
മരണത്തിൽ സംശയം തോന്നിയ നാഗരാജപ്പ മകളെയും ഭർത്താവിനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് നിഷ ഈ ക്രൂരകൃത്യം ചെയ്തതായി സമ്മതിച്ചത്. കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ പുതപ്പ് ഉപയോഗിച്ച് ശ്വാസം കുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് നിഷ നാഗരാജപ്പയോട് പറഞ്ഞു. തുടർന്ന് പിതാവ് നിഷക്കും ഭർത്താവിനുമെതിരെ ഹൊളാൽകർ പൊലീസിൽ പരാതി നൽകി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥ പറഞ്ഞു.