സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങള്‍ കവർന്ന കേസ്: സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍
text_fieldsകോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിനടുത്ത് നിന്ന് സ്ത്രീയെ ഓട്ടോയില്‍ തട്ടികൊണ്ട് പോയി മർദിച്ച് സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസിലെ ആറു പ്രതികള്‍ അറസ്റ്റിൽ. കാക്കൂര്‍ കൊയാളിമൂക്ക് പാറന്നൂര്‍ സ്വദേശിനി വി.പി. ക്വാർട്ടേഴ്സിൽ റഹ് മത്ത് (41) എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് വീട്ടിൽ അനില്‍ കുമാര്‍ (47) അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയില്‍ സുഹറ (42) കല്ലായി ചക്കും കടവ് സ്വദേശിനി ആനമാട് പറമ്പ് വീട്ടില്‍ അയിഷ (43) വെള്ളയില്‍ സ്വദേശിനി നാലുകൂടിപറമ്പ് വീട്ടില്‍ സൗദ (45 ) മുക്കം ചേന്നമംഗലൂര്‍ സ്വദേശി സുബിരാജ് (46) എന്നിവരെ കസബ പൊലീസും, സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടി. ജൂലൈ ഏഴിന് വൈകീട്ട് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കുന്ദമംഗലം സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡ് ബില്‍ഡിങ്ങിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നില്‍ക്കുന്ന സമയം പരിചയമുള്ള പ്രതികള്‍ പെരിങ്ങളത്തേക്ക് പോകുകയാണെന്നും ഓട്ടോയില്‍ കൂടെ പോകാമെന്നും പറഞ്ഞ് നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി. ഓട്ടോറിക്ഷയിൽ യാത്ര തുടങ്ങിയ ശേഷം പ്രതികൾ പരാതിക്കാരിയെ അക്രമിക്കുകയും, വായ ഭാഗത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും പരാതിക്കാരി ധരിച്ചിരുന്ന ഒന്നേ കാൽ പവൻ തൂക്കം വരുന്ന സ്വർണചെയിനും, രണ്ടര പവന്‍റെ പാദസരവും, ഒരു പവന്‍റെ ബ്രെയിസ്ലെറ്റും പൊട്ടിച്ചെടുത്ത ശേഷം ചേവായൂരില്‍ ഇറക്കി വിട്ട് കടന്നുകളഞ്ഞു. പ്രതികളുടെ അക്രമത്തിൽ പരാതിക്കാരിയുടെ മുൻവശത്തെ നാല് പല്ലുകൾ പറിഞ്ഞു പോകുകയും ചെയ്തു.
യുവതിയുടെ പരാതിയില്‍ കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ മനസ്സിലാക്കുകയും പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ടൗണ്‍ സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമീഷണര്‍ പ്രമോദന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.


