ശ്രീലങ്കയിൽനിന്ന് വ്യാജ സിഗരറ്റ് കടത്ത് വ്യാപകം
text_fieldsഅമ്പലത്തറ: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ വ്യാജ സിഗരറ്റുകള്‍ അതിര്‍ത്തി കടന്ന് തലസ്ഥാനത്തേക്കൊഴുകുന്നു. ഇത്തരം സംഘങ്ങളെ പിടികൂടാനോ നടപടി എടുക്കാനോ കഴിയാതെ പൊലീസും എക്സൈസും.
മുന്തിയ ഇനം വിദേശ സിഗരറ്റുകളുടെ രൂപസാദൃശമുള്ള വ്യാജ സിഗരറ്റുകള്‍ നിര്‍മാണ കമ്പനികളുടെ മേല്‍വിലാസമോ മറ്റ് വിശദാശംങ്ങളോ രേഖപ്പെടുത്താതെയുള്ള പാക്കറ്റുകളിലാണ് അതിര്‍ത്തികടന്ന് തലസ്ഥാന വിപണിയിലെത്തുന്നത്. വിദേശ ബ്രാന്റുകളുടെ കവറും ലോഗയും അനുകരിച്ചാണ് വ്യജ സിഗരറ്റുകളുടെ വില്പന നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ വിദേശ സിഗരറ്റുകള്‍ മാത്രം പിടികൂടിയിരുന്നു.
വിദേശ സിഗരറ്റിന്റെ ഒഴുക്കിന് തടവീണതോടെയാണ് വ്യാജന്മാര് കൂടുതലായി എത്താന്‍ തുടങ്ങിയത്. വ്യാജ സിഗരറ്റുകള്‍ ശ്രീലങ്കയില്‍നിന്ന് രാമേശ്വരം വഴി ചെന്നൈയില്‍ എത്തുന്നു. പിന്നിട് അവിടെ നിന്നാണ് അതിര്‍ത്തി കടന്ന് തലസ്ഥാനത്തിന്റെ മാര്‍ക്കറ്റുകളില്‍ എത്തുന്നത്. ഇത്തരം സംഘങ്ങളെ പിടിക്കൂടാന്‍ കഴിയാത്ത അവസ്ഥയിലാണ് നർകോട്ടിക് വിഭാഗം.
വ്യാജ സിഗരറ്റുകള്‍ നിര്‍മിക്കുന്നതും വിറ്റഴിക്കുന്നതുമായ വന്‍ ശൃംഖല തന്നെ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് നര്‍ക്കോട്ടിക് വിഭാഗത്തിന് കിട്ടിയിരിക്കുന്ന രഹസ്യവിവരം. ശ്രീലങ്കയിലെ പുകയില പാടങ്ങളില്‍നിന്ന് പുറംതള്ളുന്ന നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ചാണ് ഇത്തരം സിഗരറ്റുകള്‍ നിര്‍മിക്കുന്നത്. പാക്കറ്റുകളില്‍ വില രേഖപ്പെടുത്താറില്ല.