യുവാവിനെ സോഡാകുപ്പി ഉപയോഗിച്ച് കുത്തി; യുവാവ് പിടിയിൽ
text_fieldsആരീസ് മുഹമ്മദ്
ഓച്ചിറ: യുവാവിനെ സോഡാ കുപ്പി ഉപയോഗിച്ച് കുത്തിയയാളെ പൊലീസ് പിടികൂടി. ഓച്ചിറ പായിക്കുഴി ത്രീ റോസസ് ഹൗസിൽ ആരീസ് മുഹമ്മദ് (40 -ബെല്ല) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
കായംകുളം പുതുപ്പള്ളി സ്വദേശി നവാസിനെ (37) ആണ് സോഡാ കുപ്പികൊണ്ട് കുത്തിയത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഓച്ചിറ രാഗം ജങ്ഷനിലെ കടയിലെത്തിയ ആരീസ് അവിടെയിരുന്ന സോഡാകുപ്പി എറിഞ്ഞുടക്കുകയും ഇത് സമീപത്ത് നിന്ന നവാസ് ചോദ്യം ചെയ്യുകയും ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഈ വിരോധത്തിൽ പൊട്ടിച്ച സോഡാ കുപ്പിയുമായി ആരീസ് നവാസിനെ ആക്രമിക്കുകയായിരുന്നു. പലയിടങ്ങളിലായി ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് 48 തുന്നൽ ഇടേണ്ടിവന്നു.
എസ്.ഐമാരായ റെനോക്സ്, സുനിൽ, എസ്.സി.പി.ഒ രാഹുൽ, സി.പി.ഒമാരായ കനീഷ്, അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.