മൈക്രോ ഫിനാൻസ് ഭീഷണിയെത്തുടർന്ന് ആത്മഹത്യ ശ്രമം: കേസൊതുക്കാൻ നീക്കം
text_fieldsRepresentational Image
ചിറ്റൂർ: മൈക്രോഫിനാൻസ് ഭീഷണിയെത്തുടർന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നീക്കവുമായി നെന്മാറ പൊലീസ്. സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തുകയോ സ്ഥാപനത്തിനെതിരെ കേസെടുക്കുകയോ ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ആഗസ്ത് 21നാണ് നെന്മാറ സ്വദേശിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ആദ്യം നെന്മാറ ഗവ.ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പാലക്കാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. നെന്മാറയിലെ ആശുപത്രി ജീവനക്കാർ അന്നു തന്നെ നെന്മാറ പൊലീസിൽ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. ഭർത്താവ് വിദേശത്തായതിനാൽ നല്ലേപ്പിള്ളിയിലെ സ്വന്തം വീട്ടിലിരിക്കെയാണ് വീട്ടമ്മ ചിറ്റൂരിലെ വിവിധ മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയപ്പോൾ വീട്ടിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലുമെത്തി ഭീഷണിപ്പെടുത്തി.
ഇതിനെത്തുടർന്ന് ജോലി നഷ്ടപ്പെടുകയും ചെയ്തതോടെയാണ് വീട്ടമ്മ നെന്മാറയിലെ ഭർതൃവീട്ടിലെത്തിയത്. പിന്നീടും മൈക്രോഫിനാൻസ് ജീവനക്കാർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും നെന്മാറയിലെ വീട്ടിലേക്ക് വരുമെന്ന് പറയുകയും ചെയ്തതായി വീട്ടമ്മ പറഞ്ഞു. തുടർന്ന് മനോവിഷമത്തിലാണ് വീട്ടമ്മ വിഷം കഴിച്ചത്. ആശുപത്രിയിൽനിന്ന് വിവരം ലഭിച്ചിട്ടില്ലെന്നാണ് നെന്മാറ പൊലീസ് പറയുന്നത്. എന്നാൽ രേഖാമൂലം അറിയിപ്പ് നൽകിയതായി നെന്മാറ ഗവ.ആശുപത്രി ജീവനക്കാർ പറയുന്നു. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രാഥമിക മൊഴി പോലും രേഖപ്പെടുത്താത്തത് പൊലീസിന്റെ ഗുരുതര വീഴ്ചയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നടപടിയെടുക്കാൻ നിർദേശിക്കാമെന്നും ആലത്തൂർ ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു.